Monday, May 6, 2024
educationkeralaNews

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15 ന് :ഹയര്‍ സെക്കന്ററി ഫലം ജൂണ്‍ 20 നും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15 ഓടു കൂടിയും ഹയര്‍ സെക്കന്ററി ഫലം ജൂണ്‍ 20 ഓടു കൂടിയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍ കുട്ടി. 2022- 23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോമിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ പരിഗണിച്ച് നേരത്തെ നിശ്ചയിച്ച എന്‍.എസ്.എസ് ക്യാമ്പുകള്‍ മാറ്റി വെച്ചതായും മന്ത്രി പറഞ്ഞു.

2017-18 അധ്യയന വര്‍ഷത്തിലാണ് കൈത്തറി യൂണിഫോം പദ്ധതി ആരംഭിച്ചത്. ആദ്യ വര്‍ഷം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ രണ്ടാം വര്‍ഷം സര്‍ക്കാര്‍ യു.പി സ്‌കൂളുകളെ കൂടി ഉള്‍പ്പെടുത്തി. മൂന്നാമത്തെ വര്‍ഷം എയ്ഡഡ് എല്‍.പി സ്‌കൂളുകള്‍ കൂടി പദ്ധതിയുടെ ഭാഗമായി. 2022-23 അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂള്‍ വിഭാഗത്തില്‍ 1 മുതല്‍ 4 വരെയുള്ള എല്‍.പി സ്‌കൂളുകള്‍ക്കും 1 മുതല്‍ 5 വരെയുള്ള എല്‍.പി സ്‌കൂളുകള്‍ക്കും 1 മുതല്‍ 7 വരെയുള്ള യു.പി സ്‌കൂളുകള്‍ക്കും 5 മുതല്‍ 7 വരെയുള്ള യു.പി സ്‌കൂളുകള്‍ക്കുമാണ് കൈത്തറി യൂണിഫോം നല്‍കുന്നത്. എയ്ഡഡ് സ്‌കൂള്‍ വിഭാഗത്തില്‍ 1 മുതല്‍ 4 വരെയുള്ള എല്‍.പി സ്‌കൂളുകള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്.

3,712 സര്‍ക്കാര്‍ സ്‌കൂളുകളിലും 3,365 എയ്ഡഡ് സ്‌കൂളുകളിലും അടക്കം ആകെ 7,077 സ്‌കൂളുകളിലെ 9,58,060 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 120 കോടി രൂപയാണ് കൈത്തറി യൂണിഫോം പദ്ധതിക്കായി ചെലവഴിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പാഠപുസ്തക അച്ചടി, വിതരണവും യൂണിഫോം വിതരണവും. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മാതൃകാപരമായും സമയബന്ധിതമായും ഇവ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് പരിമിതിക്കുള്ളിലും അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാന്‍ തുടങ്ങി എന്നത് വലിയ നേട്ടമാണ്- മന്ത്രി പറഞ്ഞു.