Saturday, May 4, 2024
keralaNews

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ നിലത്തേക്കു തള്ളിയിട്ട് വലിച്ചിഴച്ച് മര്‍ദിച്ചു : സഫ്‌ന

തിരുവനന്തപുരം :എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ നിലത്തേക്കു തള്ളിയിട്ട് വലിച്ചിഴച്ച് മര്‍ദിച്ചതായി ലോ കോളജിലെ കെഎസ്യു നേതാവ് സഫ്‌ന. കഴിഞ്ഞ ദിവസം രാത്രിയാണ് സഫ്‌ന ഉള്‍പ്പെടെയുള്ള കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സഫ്‌നയ്ക്കു പുറമേ ജനറല്‍ സെക്രട്ടറി ആഷിക്ക് അഷറഫ്, നിതിന്‍ തമ്പി, എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനന്ദു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ വൈരാഗ്യമോ പ്രവര്‍ത്തകരോടുള്ള വൈരാഗ്യമോ ആണ് മര്‍ദനത്തിനിടയാക്കിയതെന്ന് സഫ്‌ന മാധ്യമങ്ങളോടു പറഞ്ഞു. സാധാരണ രീതിയിലുള്ള യൂണിയന്‍ ആഘോഷമാണ് നടന്നത്. ആഘോഷം കഴിഞ്ഞതിനുശേഷമാണ് എസ്എഫ്‌ഐ അക്രമം ഉണ്ടായത്. കെഎസ്യു പ്രവര്‍ത്തകന്‍ ആഷിഖിനെയാണ് ആദ്യം എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത്. തടയാന്‍ ചെന്ന തന്നെ താഴേക്കു തള്ളിയിട്ട് വലിച്ചിഴച്ചു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നിരവധി പേര്‍ ഇടിച്ചു. നേരത്തെയും കോളജില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പരാതി കൊടുത്തിട്ടും സ്റ്റാഫ് കൗണ്‍സില്‍ എസ്എഫ്‌ഐയുടെ ഭാഗത്താണ് നിന്നത്. പരാതിയില്‍ പൊലീസും യാതൊരു നടപടിയും എടുത്തില്ല. അവര്‍ അന്‍പതോളം പേര്‍ ഉണ്ടായിരുന്നു. ആദ്യം കോളജിനുള്ളിലായിരുന്നു മര്‍ദനം. പിന്നീട് പുറത്ത് ഗേറ്റിനു മുന്നിലും അടി നടന്നുവെന്ന് സഫ്‌ന പറഞ്ഞു.എതിരാളികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സമീപനമാണ് എസ്എഫ്‌ഐയുടേതെന്നും നേരത്തെ തന്റെ നേര്‍ക്കു പെയിന്റ് കോരി ഒഴിച്ച സംഭവമുണ്ടായെന്നും സഫ്‌ന പറഞ്ഞു. ക്യാംപയിനു ചെന്നപ്പോഴും അതിക്രമം ഉണ്ടായി. കെഎസ്യു അനുഭാവി ആണെങ്കില്‍ കോളജില്‍ പീഡനമാണ്. എസ്എഫ്‌ഐയ്ക്കു മറ്റുള്ളവരോട് അസഹിഷ്ണുതയാണ്. കോളജില്‍ പഠിക്കുന്നത് ജീവന് ആപത്താണെന്ന് സഫ്‌ന പറഞ്ഞു.
അതേസമയം, ക്രമസമാധാനം തകര്‍ക്കുന്ന എസ്എഫ്‌ഐ ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താന്‍ തയാറാകണമെന്ന് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ കണ്ടശേഷം ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. നിയമസഭയ്ക്കു പുറത്തും അകത്തും വിഷയത്തില്‍ പ്രതിഷേധം ഉണ്ടാകും. ലോ കോളജിലെ വിജയം എസ്എഫ്‌ഐയെ അസ്വസ്ഥരാക്കുന്നതായും ഷാഫി പറഞ്ഞു. ഗുരുതരമായ അക്രമമാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പറഞ്ഞു.