Thursday, May 2, 2024
keralaLocal NewsNews

എരുമേലി എരുത്വാപ്പുഴ മലവേടർ കോളനി വികസനം ഒരു കോടി രൂപ അനുവദിച്ചു :അഡ്വ.സെബാസ്റ്യൻ കുളത്തുങ്കൽ എംഎൽഎ

 എരുമേലി : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പട്ടികവർഗ്ഗ കോളനിയായ എരുമേലി ഗ്രാമപഞ്ചായത്തിലെ  എരുത്വാപ്പുഴ മലവേടർ കോളനിയുടെ സമഗ്ര വികസനത്തിനായി  സംസ്ഥാന പട്ടികവർഗ്ഗ ഡിപ്പാർട്ട്മെന്റ് നിന്നും അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ പെടുത്തി ഒരു കോടി രൂപ അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ അറിയിച്ചു. ഈ ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കോളനി നിവാസികളുടെ  ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക ഊരുകൂട്ടം യോഗം ചേർന്നു. ദരിദ്രരും നിരാലംബരുമായ തൊണ്ണൂറോളം മലവേടർ  കുടുംബങ്ങൾ താമസിക്കുന്ന ഈ കോളനിയിൽ മിക്കവർക്കും വാസയോഗ്യമായ വീടുകൾ ഇല്ല . മറ്റ് അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നുമില്ല. ഇക്കാര്യങ്ങൾ പരിഗണിച്ച് ഭവന പുനരുദ്ധാരണം, കോളനിക്കുള്ളിൽ  സംരക്ഷണ ഭിത്തികൾ, വാഹന ഗതാഗത യോഗ്യമായ റോഡ്, ഉപജീവനോപാധികൾ നൽകൽ, മരണാനന്തര ചടങ്ങുകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കൽ, ഇവ ക്രമീകരിക്കുന്നതിന് ഈ ഫണ്ട് ഉപയുക്തമാക്കുമെന്നും അതുവഴി കോളനിവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുമെന്നും, പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു. യോഗത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. കൂടാതെ ഐടിഡിപി ജില്ലാ ഓഫീസർ വിധു രാജേഷ്, പാലാ ആർ ഡി ഓ രാജേന്ദ്ര ബാബു, ജില്ലാ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ സുഭാഷ് സി. എൻ , ഐടിഡിപി സൂപ്രണ്ടന്റ് ജയേഷ് കെ. വി,ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ആശാ ശിവദാസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നിസാർ. എ തുടങ്ങിയ ജില്ലാതല ഉദ്യോഗസ്ഥരും, സംസ്ഥാന നിർമ്മിതി കേന്ദ്രം എൻജിനീയർ  സജി ജോസഫ്, എരുമേലി  ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേണുക അമ്മാൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. എസ് സതീഷ്, മറിയാമ്മ സണ്ണി, ജിജിമോൾ സജി, ഷാനവാസ് പി. എ ,  ജസ്ന നജീബ് തുടങ്ങിയവർ സംബന്ധിച്ചു