Monday, May 6, 2024
Local NewsNews

എരുമേലി ആശുപത്രിയിലേക്കുള്ള റോഡ് തകര്‍ന്നു തന്നെ

എരുമേലി : ശബരിമല തീര്‍ത്ഥാടന ആരംഭിക്കുന്നത് 20 ദിവസം ബാക്കി നില്‍ക്കെ തീര്‍ത്ഥാടകരുടെയും ജനങ്ങളുടെയും ഏക ആശ്രയമായ എരുമേലി ആശുപത്രിയുടെ റോഡ് തകര്‍ന്നു തന്നെ. മഴവെള്ളത്തില്‍ തകര്‍ന്നു പോയ റോഡില്‍ക്കൂടിയുള്ള യാത്ര ദുരിതമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ച് തുടങ്ങിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തതാണ് വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്. റോഡ് ടാര്‍ ചെയ്യാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കുഴിയില്‍ കരിങ്കല്‍ മക്ക് ഇറക്കിയല്ലാതെ മറ്റ് ഒന്നും ചെയ്തിട്ടില്ല . ദിവസം നൂറുകണക്കിന് രോഗികളെ എരുമേലി ആശുപത്രിയുടെ ശാപമാണ് ഈ റോഡ്. ദിവസങ്ങള്‍ കഴിഞ്ഞാല്‍ തീര്‍ത്ഥാടകരും ചികിത്സയ്ക്കായി എത്തുന്നതും ഈ ആശുപത്രിയിലാണ് . ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രം ജീവന്‍വയ്ക്കുന്ന എരുമേലി സി എച്ച് സി ആശുപത്രിയിലേക്കുള്ള പ്രധാന റോഡെങ്കിലും സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എരുമേലി ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി സാധാരണക്കാര്‍ക്കും – തീര്‍ത്ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തനം മികവുറ്റതാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളാണ് പ്രതിഷേധ സമരം നടത്തിയിട്ടുള്ളത് . എന്നാല്‍ യാതൊരു മാറ്റവും ഇല്ലാതെ ആശുപത്രി റോഡ് അങ്ങനെ തന്നെ തുടരുകയാണ് . ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് യോഗങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എരുമേലി ആശുപത്രിയിലേക്കുള്ള പ്രധാന പാതയുടെ ഈ റോഡിന്റെ കാര്യത്തില്‍ മാത്രം യാതൊരു നടപടിയും എടുക്കുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത് . ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ഈ മാസം 31ന് എരുമേലിയില്‍ വീണ്ടും മുന്നൊരുക്കം യോഗം ചേരുകയാണ് . എംഎല്‍എയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം മറ്റൊരു യോഗം നടന്നിരുന്നു . ശബരിമല എത്തുന്നതിന് മുമ്പ് എങ്കിലും ആശുപത്രിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .