Saturday, May 4, 2024
keralaNews

എരുമേലിയിൽ നടന്ന യോഗത്തിൽ പഞ്ചായത്തിനും –  പൊതുമരാമത്ത് വകുപ്പിനും രൂക്ഷവിമർശനം .

എരുമേലി: ശബരിമല തീർത്ഥാടനത്തിന് സമാപനം  കുറിച്ചുകൊണ്ട്  നടക്കുന്ന ജനുവരി 10 ന് നടക്കുന്ന ചന്ദനക്കുടം,11 ന് നടക്കുന്ന പേട്ടതുള്ളൽ ആഘോഷങ്ങളുടെ മുൻകരുതൽ സംബന്ധിച്ച്  എരുമേലി  ദേവസ്വം ബോർഡ് ഹാളിൽ നടന്ന യോഗത്തിലാണ്  എരുമേലി ഗ്രാമപഞ്ചായത്തിനും –  പൊതുമരാമത്ത് വകുപ്പിനുമെതിരെ  രൂക്ഷ വിമർശനം ഉണ്ടായത്.ശബരിമല തീർഥാടനം ആരംഭിച്ച് കഴിഞ്ഞ മൂന്നു ദിവസം മുമ്പ് വരെ എരുമേലിയിലെ മാലിന്യങ്ങൾ  ശേഖരിച്ച ഗ്രാമപഞ്ചായത്ത്  യാതൊരു മുന്നറിയിപ്പുമില്ലാതെ മാലിന്യ ശേഖരം നിർത്തിയതാണ് വിമർശനത്തിന് കാരണമായത്.ജൈവ-  അജൈവ മാലിന്യങ്ങൾ ഒരുമിച്ചു ശേഖരിക്കാനാവില്ലെന്നും ദേവസ്വം ബോർഡ് വക  കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ ദേവസ്വം ബോർഡ് തന്നെ സംസ്കരിക്കണമെന്ന പഞ്ചായത്ത് ആവശ്യപ്പെട്ടതോടെയാണ് തർക്കത്തിന് വഴിതെളിച്ചത് . എന്നാൽ നാളിതുവരെ ചെയ്തുവന്ന മാലിന്യസംസ്കരണം  പെട്ടെന്ന് നിർത്തിയത് ശബരിമല തീർത്ഥാടനത്തിന്റെ  ശോഭ കെടുത്തുമെന്ന് ദേവസ്വം ബോർഡ് യോഗത്തിൽ അറിയിച്ചു . മാലിന്യം സംസ്കരിക്കാനുള്ള പ്ലാൻറ് പഞ്ചായത്തിന് മാത്രമാണുള്ളത്. മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേനയുടെ എല്ലാ ചെലവുകളും വഹിക്കുന്നതും ദേവസ്വം ബോർഡാണ് . തീർത്ഥാടനം  അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചായത്ത് സ്വീകരിച്ച നടപടി ഖേദകരമായെന്നും ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു പറഞ്ഞു. എന്നാൽ ജൈവ-  അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ദേവസ്വം ബോർഡ് നൽകുമെന്നും  അവ ശേഖരിച്ച് സംസ്കരിക്കണമെന്നും പഞ്ചായത്ത് തയ്യാറാകണമെന്ന് കളക്ടർ പി കെ ജയശ്രീ നിർദ്ദേശിച്ചു.എരുമേലിയിലെ റോഡുകളിലെ കുഴികൾ അപകടഭീഷണി ഉയർത്തിയിട്ടും അത് പരിഹരിക്കാത്തതിനാണ്  പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധമുയർന്നത്.കുഴികൾ  അടയ്ക്കാനും കളക്ടർ നിർദ്ദേശം നൽകി.പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ വകുപ്പ്  മേധാവികളും,സന്നദ്ധ സംഘടന പ്രതിനിധികളും പങ്കെടുത്തു.