Friday, May 17, 2024
keralaNews

എരുമേലി ചന്ദനക്കുടം -പേട്ടതുള്ളൽ മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ട് :ജില്ലാ കളക്ടർ . 

എരുമേലി: ശബരിമല തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട്  ജനുവരി 10 ന്  നടക്കുന്ന ചന്ദനക്കുടവും ,11ന് നടക്കുന്ന എരുമേലി പേട്ടതുള്ളൽ എന്നീ ആഘോഷങ്ങൾക്കുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി   കോട്ടയം ജില്ലാ കളക്ടർ പികെ ജയശ്രീ പറഞ്ഞു.എരുമേലി ദേവസ്വം ബോർഡ് ഹാളിൽ നടന്ന യോഗത്തിലാണ് ഇത്  സംബന്ധിച്ച് തീരുമാനമുണ്ടായത്.ജനുവരി പത്തിന് നടക്കുന്ന  ചന്ദനക്കുട ആഘോഷത്തെ സംബന്ധിച്ച് ജമാഅത്ത് കമ്മറ്റിയും  , 11ന് നടക്കുന്ന എരുമേലി പേട്ടതുള്ളൽ നടത്തുന്നത്  സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ്  യോഗത്തെ അറിയിച്ചു.കോവിഡ് മാനദണ്ഡപ്രകാരം ആഘോഷങ്ങളിൽ ആവശ്യമായ ജാഗ്രത പുലർത്തണം. മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിൽ  തദ്ദേശസ്വയംഭരണ വകുപ്പും, ദേവസ്വം ബോർഡ് സഹകരിക്കണമെന്നും  കളക്ടർ പറഞ്ഞു.ചന്ദനക്കുടത്തിനും – പേട്ടതുള്ളലിനും  ഒരു ആനയെ മാത്രമേ എഴുന്നള്ളിക്കാൻ സാധിക്കുകയൊള്ളൂയെന്ന് കളക്ടർ പറഞ്ഞു.ചന്ദനക്കുടം സംബന്ധിച്ച് സമയക്രമീകരണം നടത്താൻ പോലീസുമായി ചർച്ച ചെയ്യാനും തീരുമാനിച്ചു.തീർത്ഥാടകരുടെ സുരക്ഷയെ സംബന്ധിച്ച് പോലീസ്   നടപടികളെടുത്തു കഴിഞ്ഞു .ജനുവരി പത്തും,പതിനൊന്നും സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചു. ജനുവരി 11ന്  പ്രദേശിക അവധി പ്രഖ്യാപിച്ചു.  തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച്
 വാഹന സൗകര്യം ഒരുക്കുമെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. മരാമത്തിന്റെ  നേതൃത്വത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ബാക്കിയുള്ള പണികൾ  അടിയന്തരമായി പൂർത്തീകരിക്കാൻ നിർദേശം നൽകിയതായും കളക്ടർ പറഞ്ഞു. ആരോഗ്യവകുപ്പ് , ഫയർഫോഴ്സ്  എന്നീ വകുപ്പുകളും  ക്രമീകരണങ്ങൾ ഒരുക്കുകയും കളക്ടർ പറഞ്ഞു.
പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ജി. ബൈജു , കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ,അസിസ്റ്റൻറ് കളക്ടർ രാജീവ് കുമാർ ചൗധരി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത സാബു , എരുമേലി എസ് എച്ച് ഒ  മനോജ് മാത്യു, ജമാഅത്ത് പ്രസിഡന്റ്  പി എ ഇർഷാദ്, സെക്രട്ടറി സി എ എ കരീം, അഖില ഭാരത അയ്യപ്പ സേവാ സംഘം  എരുമേലി ശാഖ പ്രസിഡന്റ് അനിയൻ എരുമേലി. മറ്റ്  വിവിധ വകുപ്പ് മേധാവികൾ സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.എന്നാൽ എരുമേലി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ആരും യോഗത്തിൽ പങ്കെടുത്തില്ല .