Tuesday, April 30, 2024
keralaNewspolitics

എന്നും എപ്പോഴും അദ്ദേഹത്തിന് സ്വാഗതം

തൃശൂര്‍: തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. തങ്ങള്‍ക്ക് പരസ്പരം കാണാന്‍ മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നും താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സുരേഷ് ഗോപിയും ഞാനും വളരെക്കാലമായി സ്‌നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിയ്ക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്ക് വരുവാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും അദ്ദേഹത്തിന് സ്വാഗതം. എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം കലാമണ്ഡലം ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കലാമണ്ഡലം ഗോപിയുടെ മകന്‍ രഘുരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു.

തന്റെ അച്ഛനുമായുള്ള ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് രഘുരാജ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു. എന്നാല്‍ വിവാദമായതിന് പിന്നാലെ രഘുരാജ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ച് സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. കലാമണ്ഡലം ഗോപിയെ ഇനിയും കാണുമെന്നും തെരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.

സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രതികരിച്ച് കലാമണ്ഡലം ഗോപി. വിവാദങ്ങള്‍ ഒഴിവാക്കണമെന്നും സുരേഷ് ഗോപി എപ്പോള്‍ വന്നാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കലാമണ്ഡലം ഗോപി.

‘വിവാദങ്ങള്‍ മനോവിഷമം ഉണ്ടാക്കി. സുരേഷ് ഗോപി എപ്പോള്‍ വന്നാലും സന്തോഷത്തോടെ സ്വീകരിക്കും. അദ്ദേഹത്തിന്റെ മാനസിക വിഷമം മാറ്റണം. വിവാദങ്ങള്‍ ഒഴിവാക്കണം. രാഷ്ട്രീയക്കാരാകുമ്പോള്‍ പല വിമര്‍ശനങ്ങളും നേരിടേണ്ടി വരും. സുരേഷ് ഗോപിയുമായി തനിക്കുള്ളത് വളരെ വര്‍ഷക്കാലത്തെ സ്നേഹബന്ധമാണ്. സ്‌നേഹബന്ധം പുലര്‍ത്താന്‍ വേണ്ടി രാഷ്ട്രീയക്കളി കളിക്കേണ്ട കാര്യം ആര്‍ക്കുമില്ല’- കലാമണ്ഡലം ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കലാമണ്ഡലം ഗോപി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നും തങ്ങള്‍ക്ക് പരസ്പരം കാണാന്‍ മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.