Thursday, May 2, 2024
indiaNewspoliticsworld

ബരാക് ഒബാമ ആറ് മുസ്ലിം രാജ്യങ്ങളില്‍ ബോംബിട്ട ഭരണാധികാരി; നിര്‍മല സീതാരാമന്‍

ദില്ലി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യന്‍ മുസ്ലീങ്ങളെക്കുറിച്ച് ഒബാമ നടത്തിയ പ്രസ്താവനയാണ് ധനമന്ത്രിയെ ചൊടിപ്പിച്ചത്. ഒബാമ ഭരിക്കുമ്പോള്‍ ആറ് മുസ്ലിം രാജ്യങ്ങള്‍ക്കെതിരെ ബോംബ് പ്രയോഗിച്ചെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യന്‍ മുസ്ലീങ്ങളുടെ വിഷയം പ്രധാനമന്ത്രി മോദിയോട് ഉന്നയിക്കാന്‍ ശ്രമിക്കുമെന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബരാക് ഒബാമ പറഞ്ഞിരുന്നു. ഒബാമയുടെ പ്രസ്താവന തന്നെ ഞെട്ടിച്ചെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പ്രധാനമന്ത്രി മോദി യുഎസില്‍ പ്രചാരണം നടത്തി, ഇന്ത്യയെക്കുറിച്ച് സംസാരിച്ചു. എന്നാല്‍, യുഎസ് മുന്‍ പ്രസിഡന്റ് ഇന്ത്യന്‍ മുസ്ലീങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. ഒബാമയുടെ ഭരണകാലത്ത് ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ 26,000-ത്തിലധികം ബോംബുകള്‍ ഉപയോഗിച്ചു. ഇത്തരമൊരാളുടെ വാക്കുകള്‍ ആളുകള്‍ എങ്ങനെ വിശ്വസിക്കുമെന്നും അവര്‍ പറഞ്ഞു.പ്രതിപക്ഷത്തെയും നിര്‍മല സീതാരാമന്‍ രൂക്ഷമായി വിമര്‍ശിച്ചു.                തെരഞ്ഞെടുപ്പിലെ തോല്‍വികളില്‍ നിരാശരായ കോണ്‍?ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് അവര്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിക്ക് ലഭിച്ച 13 അവാര്‍ഡുകളില്‍ ആറെണ്ണം മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. യുഎസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്യത്ത് ഒരു സമുദായത്തോടും പ്രത്യേക വിവേചനമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണ്. ക്രമസമാധാനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ ഉന്നയിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. അതിന് ഉത്തരവാദിത്തപ്പെട്ടവരുണ്ട്. അടിസ്ഥാന വിവരങ്ങളൊന്നുമില്ലാതെ ആരോപണം ഉന്നയിക്കുന്നത് സംഘടിത പ്രചാരണങ്ങളാണെന്നും അവര്‍ ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും ഒബാമയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തിയത്.