Friday, May 17, 2024
keralaNewsObituary

ഡോ. ഷഹ്നയുടെ ആത്മഹത്യ: പ്രതി റുവൈസിന് തിരിച്ചടി

കൊച്ചി: ഡോ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി റുവൈസിന് തിരിച്ചടി. റുവൈസിന്റെ പിജി പഠനം തുടരാമെന്ന സിംഗില്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് നടപടി.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. റുവൈസിനെതിരായ അച്ചടക്ക നടപടി തുടരാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇയാളുടെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.

കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഷഹ്നയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആത്മഹത്യ ചെയ്യുകയാണെന്ന് ഷഹ്ന റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ തടയാനോ സംസാരിക്കാനോ തയ്യാറാകാതെ ഷഹ്നയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയാണ് റുവൈസ് ചെയ്തത്.