Monday, April 29, 2024
keralaNews

എത്യോപ്യയില്‍ പെയിന്റ് പണി വാഗ്ദാനം ചെയ്ത് കേരളത്തിലെ യുവാക്കളില്‍ നിന്നും പണം തട്ടിയതായി പരാതി.

തൃശൂര്‍:  കേരളത്തിലെ യുവാക്കളില്‍ നിന്നും  എത്യോപ്യയില്‍ പെയിന്റ് പണി വാഗ്ദാനം ചെയ്ത്  പണം തട്ടിയതായി പരാതി.ഓരോരുത്തരില്‍ നിന്നായി 75,000 രൂപ വീതമാണ് സംഘം തട്ടിയത്. വിസയുടേയും വിമാന ടിക്കറ്റിന്റേയും പകര്‍പ്പുകളുമായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് യുവാക്കള്‍ക്ക് മനസിലായത്. വിമാന ടിക്കറ്റ് വ്യാജമായിരുന്നു. ഓണ്‍ലൈന്‍ വഴി പരസ്യം കണ്ടാണ് അപേക്ഷ നല്‍കിയതെന്ന് യുവാക്കള്‍ പറയുന്നു.എയര്‍ലിങ്ക് എന്ന കമ്പനിയാണ് വ്യാജ ടിക്കറ്റ് നല്‍കി കബളിപ്പിച്ചതെന്ന് യുവാക്കള്‍ പറയുന്നത്. 75,000 രൂപയാണ് അവര്‍ ആദ്യം ചോദിച്ചത്. എഗ്രിമെന്റും വിസയും വന്നപ്പോള്‍ ആദ്യ ഗഡുവായ 50,000 നല്‍കി. പിന്നീട് വിമാന ടിക്കറ്റ് വന്നപ്പോള്‍ ബാക്കി 25,000വും നല്‍കി. എന്നാല്‍ ടിക്കറ്റുമായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പണം അടയ്ക്കാത്തതിനാല്‍ പോകാന്‍ സാധിക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ഒരു യുവാവ് പറഞ്ഞു.ഒരുമാസം അരലക്ഷം രൂപ ശമ്പളമായി ലഭിക്കുമെന്ന് പറഞ്ഞായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെന്നാണ് തട്ടിപ്പ് സംഘം യുവാക്കളോട് പറഞ്ഞത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. സംഭവത്തില്‍ യുവാക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.