Friday, May 3, 2024
keralaNewspolitics

എകെജി സെന്ററിലെ പടക്കമേറ് : സ്‌കൂട്ടറോ ടീഷര്‍ട്ടോ തന്റേതല്ല ജിതിന്‍

തിരുവനന്തപുരം: ടീഷര്‍ട്ട് തന്റേതല്ല, സ്‌കൂട്ടര്‍ അറിയില്ല, എന്നെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന് എകെജി സെന്ററിന് നേരെ നടന്ന പടക്കമേറ് കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍. കേസില്‍ താന്‍ നിരപരാധിയാണ്, പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മാനനഷ്ടക്കേസ് നല്‍കുമെന്നും ജിതിന്‍ പറഞ്ഞു. ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷമായിരുന്നു ജിതിന്റെ പ്രതികരണം.  സര്‍ക്കാരും പോലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പടക്കമേറ് കേസില്‍ കുടുക്കിയതെന്ന് ജിതിന്‍ ആരോപിച്ചു. കഞ്ചാവ് കേസില്‍ കുടുക്കുമെന്നും വീട്ടുകാരെ നോവിക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ വെളിപ്പെടുത്തി.ഗൗരീശപട്ടത്ത് പോയത് ഊബര്‍ ഓടാനാണ്. സ്‌കൂട്ടറിനെക്കുറിച്ചറിയില്ല. സംഭവസമയം യൂബര്ര്‍ ഓടിക്കുകയായിരുന്നു അതുവച്ചാണ് കുടുക്കിയത്. താന്‍ ആ പരിസരത്ത് ഒരിടത്തും പോയിട്ടില്ലെന്നും ജിതിന്‍ പറഞ്ഞു. വൈകിട്ട് 5 മണിവരെ കെഎസ്ഇബിക്കായി ഓടുന്ന വണ്ടി വൈകിട്ട് യൂബര്‍ ഓടിക്കുന്നതാണ്. പോലീസ് പറയുന്ന സമയത്ത് വാഹനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ കൈവശം ഉണ്ടെന്ന് ജിതിന്‍ കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനയ്ക്കെതിരെയും സംഭവത്തില്‍ തനിക്കുണ്ടായ അപമാനത്തില്‍ നഷ്ടപരിഹാരത്തിനും വേണ്ടി നിയമപരമായി മുന്നോട്ട് പോകും. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള പങ്കും ഇല്ലെന്ന് ജിതിന്‍ ആവര്‍ത്തിച്ചു.