Friday, May 3, 2024
indiakeralaNews

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്തവര്‍ഷം മാര്‍ച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം ഉണ്ടായതോടെയാണ് സര്‍ക്കാരിന്റെ നടപടി. പിന്നാലെ വിപണിയില്‍ ഉള്ളി വില കുതിച്ചുയര്‍ന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയത്.
ഉള്ളിക്ക് നേരത്തെ വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉള്ളിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഒട്ടുമിക്ക ഇന്ത്യന്‍ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി. അതിന്റെ വിലയിലെ വര്‍ദ്ധനവ് അടിസ്ഥാന വര്‍ഗത്തെ സ്വാധീനിക്കാന്‍ പോന്നവയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.