Thursday, May 16, 2024
keralaNews

ഡോ. ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി. ജി വിദ്യാര്‍ത്ഥി ഡോ. ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹ്ന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്യുകയാണുണ്ടായത്. ഷഹ്നയുടെ ഫോണില്‍ നിന്നും മെസേജിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലിറ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് ഷഹ്നയെ അബോധാവസ്ഥയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തുന്നത്.ഡോ. ഷഹ്നയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ് ഐആറിലുളളത്. ഷഹ്നയുടെ കുടുംബത്തിന് സ്ത്രീധനം നല്‍കാനാത്തതിനാല്‍ വിവാഹ ബന്ധത്തില്‍ നിന്നും റുവൈസ് പിന്‍മാറിയതാണ് ഡോ.ഷഹ്നയുടെ ആത്മഹത്യക്ക് ഇടയാക്കിയത്. പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കേസിന്റെ കുറ്റപത്രം സമയബന്ധിതമായി നല്‍കാനാണ് പൊലിസിന്റെ തീരുമാനം. ഇതിനായി തെളിവെടുപ്പുകള്‍ക്കായാണ് റൂവൈസിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കള്‍ സ്ത്രീധന തുക ചോദിക്കുകയും സമ്മര്‍ദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ കൊല്ലത്തെ വീട്ടില്‍ നിന്നാണ് റുവൈസിനെ പിടികൂടിയത്. റുവൈസിന്റെ ഫോണിലെ മെസെജുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹ്നക്ക് അയച്ച മെസേജുകളാണ് മായ്ച്ചുകളഞ്ഞിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ ഫോണ്‍ സൈബര്‍ പരിശോധനയക്ക് അയച്ചിട്ടുണ്ട്. റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നു. പക്ഷെ ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസ് ഷഹ്നയെ സമ്മര്‍ദ്ദത്തിലാക്കി. കടുത്ത മാനസികസമര്‍ദ്ദത്തിലായ ഷഹ്ന അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തല്‍.