Friday, May 17, 2024
keralaNews

ഉന്നതരുടെ പേരു വെളിപ്പെടുത്തുകയോ തെളിവു നല്‍കുകയോ ചെയ്താല്‍ ജയിലിനകത്ത് തീര്‍ത്തുകളയും… ഭീഷണിയുണ്ടെന്നു പ്രതി സ്വപ്ന സുരേഷ്.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ ഉന്നതരുടെ പേരു വെളിപ്പെടുത്തുകയോ തെളിവു നല്‍കുകയോ ചെയ്താല്‍ ‘തീര്‍ത്തുകളയു’മെന്നു ഭീഷണിയുണ്ടെന്നു പ്രതി സ്വപ്ന സുരേഷ്. പൊലീസ് സംരക്ഷണം തേടി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണിതു പറയുന്നത്. സംരക്ഷണം നല്‍കാന്‍ ജയില്‍ ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയവേ, പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ചിലരാണ് തന്റെയും കുടുംബാംഗങ്ങളുടെയും ജീവനു ഭീഷണി ഉയര്‍ത്തിയതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. ‘ഒരു അന്വേഷണ ഏജന്‍സിയുമായും സഹകരിക്കരുതെന്നും എന്തെങ്കിലും പറഞ്ഞാല്‍, പുറത്തുവച്ച് കുടുംബാംഗങ്ങളെ അപായപ്പെടുത്താനോ ജയിലിനകത്ത് എന്നെ തീര്‍ത്തുകളയാനോ കഴിയുമെന്നും അവര്‍ ആവര്‍ത്തിച്ചു ഭീഷണിപ്പെടുത്തി. ഏറ്റവുമൊടുവില്‍ നവംബര്‍ 25നായിരുന്നു. മജിസ്‌ട്രേട്ടിനു നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പലതും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി, അട്ടക്കുളങ്ങരയിലേക്കാണു മടങ്ങേണ്ടത്. ഉന്നത സ്വാധീനമുള്ളവര്‍ അപായപ്പെടുത്തുമെന്നു ഭയക്കുന്നു. ശാരീരിക, മാനസിക പീഡനത്തിന് എല്ലാ സാധ്യതയുമുണ്ട്.’ ഹര്‍ജിയില്‍ പറയുന്നു.