Tuesday, April 30, 2024
indiaNewspolitics

കര്‍ത്തവ്യ പഥ്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ രാജ്പഥ് ഇനിമുതല്‍ കര്‍ത്തവ്യ പഥ് എന്നറിയപ്പെടും. നവീകരിച്ച കര്‍ത്തവ്യ പഥിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.ഇന്ത്യ ഗേറ്റിലാണ് ചടങ്ങുകള്‍ നടക്കുക. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് രാജ്പഥിന്റെയും സമീപത്തെ പുല്‍ത്തകിടിയുടെയും പേര് മാറ്റുന്നത്. ഇനി നേതാജി പ്രതിമമുതല്‍ രാഷ്ട്രപതിഭവന്‍വരെയുള്ള മുഴുവന്‍ റോഡും പ്രദേശവും കര്‍ത്തവ്യപാത എന്നറിയപ്പെടും. വിജയ്ചൗക്കുമുതല്‍ ഇന്ത്യ ഗേറ്റുവരെ നീളുന്ന പാത എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.രാജ്പഥും സെന്‍ട്രല്‍ വിസ്ത അവന്യുവിലും സമീപ പ്രദേശങ്ങളിലും വന്‍ സന്ദര്‍ശക തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.സെന്‍ട്രല്‍ അവന്യുവിന്റെ നവീകരണത്തിലൂടെ തിരക്കുകളില്‍ കുറവ് വരുത്താന്‍ കഴിയുമെന്നാണ് പ്രാഥമിക കണക്കുക്കൂട്ടല്‍.അവന്യുവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുല്‍ത്തകിടിയില്‍ നിര്‍മ്മിതമായ നടപ്പാതകള്‍, പാര്‍ക്കിംഗ് ഏരിയ, എക്‌സിബിഷന്‍ പാനലുകള്‍ തുടങ്ങിയ മികച്ച സൗകര്യങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.ഖരമാലിന്യ സംസ്‌കരണം, മഴവെള്ള സംഭരണം, ഊര്‍ജ്ജ സംരക്ഷണ സംവിധാനങ്ങളും ഉള്‍പ്പെടുന്നു. റിപ്പബ്ലിക്ക് ദിന പരേഡും മറ്റു ദേശീയ പരിപാടികളും നടക്കുന്ന ഇടമായതിനാല്‍ പൊതു സഞ്ചാരത്തിന് വിലക്കുകള്‍ നിരന്തരമായി ഉണ്ടായ സാഹചര്യത്തിലാണ് നവീകരണം എന്ന ആശയത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിയത്.ഇന്ത്യന്‍ സ്വതന്ത്ര സമരത്തില്‍ ബൃഹത്തായ സംഭാവനകള്‍ നല്‍കിയ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനവും ഇന്ന് നടക്കും.