Wednesday, May 1, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം ;തീര്‍ത്ഥാടകരുടെ ദേഹത്ത് പോലീസ് സ്പര്‍ശിക്കരുതെന്ന് നിര്‍ദ്ദേശം.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനാ കേന്ദ്രങ്ങളിലടക്കം തീര്‍ത്ഥാടകരുടെ ദേഹത്ത് പോലീസ് സ്പര്‍ശിക്കരുതെന്നാണ് നിര്‍ദ്ദേശം. ശബരിമല തീര്‍ത്ഥാടന കാലത്ത് പോലീസ് പിന്തുടരേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഭക്തരെ പിടിച്ചു കയറ്റില്ല. പരിശോധനയ്ക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ നിന്നും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുകയും നിരോധിത വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് തടയുകയും വേണം. എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ പമ്പയില്‍ വൈകിട്ട് അഞ്ചു മണിയ്ക്ക് എത്തുന്ന തരത്തില്‍ മാത്രമെ യാത്ര അനുവദിക്കാവൂ. അഞ്ചു മണിയ്ക്ക് ശേഷം ഈ പാതയിലൂടെ ആരെങ്കിലും പോയാല്‍ അവരെ തടഞ്ഞ് രാത്രി തങ്ങാന്‍ സൗകര്യം നല്‍കണം.

ട്രാക്ടറില്‍ യാത്രക്കാരെ കൊണ്ടു പോകാന്‍ അനുവദിക്കരുത്. കേന്ദ്ര സുരക്ഷാ ഏജന്‍സിയുടെ നിര്‍ദ്ദേശ പ്രകാരം ട്രാക്ടര്‍ വഴി സന്നിധാനത്തേക്ക് കൊണ്ടു പോകുന്ന എല്ലാ സാധനങ്ങളും പരിശോധിക്കണം. ശരണസേതു, ബെയ്‌ലി പാലം വടക്കേനട, വടക്കേഗേറ്റ് എന്നിവിടങ്ങളില്‍ അനധികൃതമായി ആരും പ്രവേശിക്കാന്‍ അനുവദിക്കരുത്.ശ്രീകോവില്‍ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ നമ്പറുള്ള ആംബാന്‍ഡ് ധരിച്ചിരിക്കണം. ഭീകര ആക്രമണങ്ങള്‍ക്കെതിരെയുള്ള ജാഗ്രതാ മുന്‍കരുതലുകളും വിശദമാക്കിയിട്ടുണ്ട്. ഡോളിയില്‍ വരുന്നവരെയും കാക്കിപാന്റ് ധരിച്ചുവരുന്നവരെയും പരിശോധനയില്‍ നിന്നും ഒഴിവാക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

പോലീസ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും കൊറോണ ബാധിതരായാല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം. ശബരിമല പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയും ഹൈക്കോടതിയും നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പമ്പ, ശബരിമല, നടപ്പന്തല്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ചെറു കച്ചവടക്കാരുടെ കടന്നു കയറ്റം പൂര്‍ണമായും തടയണം. കടകളില്‍ പരിശോധന നടത്തി തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. കടകളില്‍ അനിയന്ത്രിതമായി ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കരുതെന്നും പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.വരി നില്‍ക്കുന്ന തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ വടം ഉപയോഗിക്കരുത്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവയ്ക്ക് പുറമെ മകരവിളക്ക് ദര്‍ശനത്തിന് മറ്റ് കേന്ദ്രങ്ങളിലും സൗകര്യമൊരുക്കണമെന്നും നിര്‍ദേശമുണ്ട്.