Monday, May 6, 2024
Local NewsNews

ഇരുമ്പൂന്നിക്കരയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

എരുമേലി: ഇരുമ്പൂന്നിക്കരയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചത്. ആക്കത്തകിടിയില്‍ റോയിയുടെ വീടിന് സമീപത്തെത്തിയ കാട്ടാനയാണ് കൃഷികള്‍ നശിപ്പിച്ചത്. 20 വാഴകളും, 6 തെങ്ങും അടക്കം നിരവധി കൃഷിയാണ് നശിപ്പിച്ചത്.      ശബരിമല വനാതിര്‍ത്ഥി മേഖലയിലെ കാളകെട്ടിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ക്കൂടി ഇറങ്ങി വരുന്ന കാട്ടാനകളാണ് ജനജീവിതത്തിന്      ഭീഷണിയായിത്തീര്‍ന്നിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ഈ മേഖലയില്‍ തന്നെ ഇത് നിരവധി തവണയാണ് കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. കാട്ടില്‍ നിന്നുള്ള വന്യ മൃഗങ്ങളെ തടയുന്നതിനായി സോളാര്‍ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം നോക്ക് കുത്തിയാക്കിയാണ് കാട്ടാനകള്‍ ഇറങ്ങി വരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബിജെപി ഇരുമ്പൂന്നിക്കര വാര്‍ഡ് പ്രസിഡന്റ് രാജീവ് പറപ്പള്ളില്‍ പറഞ്ഞു.മുമ്പും പല തവണ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിക്കുന്നുവെന്ന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും രാജീവ് പറഞ്ഞു. ജനവാസ മേഖലയിലെങ്കിലും ശക്തമായ വേലികള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിരവധി പേരുടെ കൃഷികളാണ് മുമ്പ് നശിപ്പിച്ചിട്ടുള്ളത്.എന്നാല്‍ കൃഷികള്‍ നശിപ്പിച്ചതിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ പോലും അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു .