Sunday, April 28, 2024
AstrologykeralaNews

ഇന്ന് രാമായണമാസം ആരംഭം

ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസമായ ഇന്ന് കര്‍ക്കിടകം ഒന്ന്. ‘രാമ രാമ’ ധ്വനി മുഴങ്ങുന്ന ധന്യമാസം. ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം. ലോകത്തിന് നല്ല ജീവിതത്തിലേക്ക് വഴികാട്ടുന്ന യാത്രകള്‍. ഇനി വരുന്ന ഒരുമാസക്കാലം രാമായണശീലുകള്‍ മുഖരിതമാകുന്ന ദിനങ്ങളുടെ വരവാണ്. പാരമ്പര്യത്തനിമയുടെ തിരിച്ചുപോക്കാണ് ഓരോ കര്‍ക്കിടകവും. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ പഞ്ഞ മാസമായി ചിത്രീകരിക്കപ്പെട്ട കര്‍ക്കിടകം അദ്ധ്യാത്മികതയുടെ പുണ്യം നെറുകയില്‍ ചൂടുന്ന രാമായണമാസമായി മാറുന്നത് 1982-ല്‍ കൊച്ചിയില്‍ നടന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ പി. പരമേശ്വര്‍ജിയുടെ ആഹ്വാനത്തിലൂടെയാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന തീരുമാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു.സാംസ്‌കാരിക ആദ്ധ്യാത്മിക കൂട്ടായ്മകളും മാദ്ധ്യമങ്ങളും അടക്കം ഇന്ന് രാമായണമാസം വിപുലമായി ആചരിച്ചു വരുന്നു. രാമനാമ മന്ത്രങ്ങളാല്‍ മുഖരിതമായ ഒരു മാസക്കാലത്തിനാണ് ഇന്ന് തുടക്കമാകുന്നത്.                                      കാറും കോളും മാറി രാമന്‍ യഥാര്‍ത്ഥ അയോദ്ധ്യയിലേക്ക് മടങ്ങിയെത്തി ആ പട്ടാഭിഷേകത്തിന് രാജ്യം തയ്യാറെടുക്കുന്ന കാലഘട്ടം കൂടിയാണ് ഇത് എന്നതും ഏറെ ശ്രദ്ധേയം. ഭാരതീയ സംസ്‌കാരത്തിന്റെ സിരകളിലൂടെ രാമായണമെന്ന ഇതിഹാസം കാലങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനതയുടെ സംസ്‌കാരത്തെയും ജീവിതത്തെയും കഥകളുടെയും കവിതകളുടെയും പട്ടുനൂലില്‍ കൊരുത്ത് ലോകത്തിനായി സമ്മാനിച്ചിരിക്കുകയാണ് രാമായണത്തില്‍. ഭാരത സംസ്‌കാരത്തിന്റെ മഹത്വത്തെ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യുകമാത്രമല്ല ഈ ഇതിഹാസത്തില്‍. ഒപ്പം, മറ്റുള്ളവര്‍ക്ക് വഴികാട്ടുകയും ചെയ്യുന്നു. രാമായണം വായിക്കുന്നതും കേള്‍ക്കുന്നതും പുണ്യമാണ്. ഒരു സാഹിത്യകൃതി വായിക്കാനും കേള്‍ക്കാനും വ്രതം നോറ്റ് ഒരു മാസം ഒരു ജനത നീക്കിവയ്ക്കുന്നത് അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് നമുക്ക് അഭിമാനിക്കാം.