Friday, May 3, 2024
keralaNews

ഇന്ന് തൃക്കാര്‍ത്തിക.

ഇന്ന് തൃക്കാര്‍ത്തിക.വൃശ്ചികമാസത്തിലെ കാര്‍ത്തികയും പൗര്‍ണമിയും ഒന്നിച്ചുവരുന്ന ദിനമാണ് ദേവിയുടെ ജന്മദിനം. ദേവിയുടെ പിറന്നാള്‍ ഭക്തര്‍ തൃക്കാര്‍ത്തികയായി കൊണ്ടാടുന്നു. ഈ വര്‍ഷം തൃക്കാര്‍ത്തിക വരുന്നത് ഇന്നാണ്.. ദേവീപ്രീതിയ്ക്ക് അത്യുത്തമമായ തൃക്കാര്‍ത്തിക ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തില്‍ ചിരാതുകള്‍ തെളിച്ചു പ്രാര്‍ഥിക്കുന്നതും ദേവീ കടാക്ഷത്തിനും ഐശ്വര്യവര്‍ധനവിനും ദാരിദ്ര ദു:ഖശമനത്തിനും കാരണമാകുന്നു.തൃക്കാര്‍ത്തിക ദിനത്തില്‍ ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ ദേവീ പ്രാധാന്യമുള്ള വെള്ളിയാഴ്ച ദിനത്തില്‍ തൃക്കാര്‍ത്തിക വരുന്നതിനാല്‍ ദേവീക്ഷേത്രങ്ങളില്‍ നാരങ്ങാവിളക്ക്, നെയ്വിളക്ക് എന്നിവ സമര്‍പ്പിക്കുന്നത് ശ്രേഷ്ഠമാണ്.മനസ്സിലെ മാലിന്യങ്ങള്‍ നീക്കി കുടുംബത്തില്‍ ഐശ്വര്യം നിറക്കുന്നതാണ് തൃക്കാര്‍ത്തികവ്രതം. കുടുംബത്തില്‍ എല്ലാവരും ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മൂന്നു ദിവസമാണ് വ്രതാനുഷ്ഠാനം. വ്രതദിനത്തില്‍ പൂര്‍ണ ഉപവാസം പാടില്ല .തൃക്കാര്‍ത്തികയുടെ തലേന്ന് പകലുറക്കം, മത്സ്യമാംസാദികള്‍, എണ്ണതേച്ചുകുളി എന്നിവ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയാക്കി പുണ്യാഹമോ ചാണക വെള്ളമോ തളിച്ച് ശുദ്ധീകരിക്കുക .കാര്‍ത്തികയുടെ അന്ന് കുളിച്ചു ശരീരശുദ്ധി വരുത്തി ദേവീനാമങ്ങള്‍ ജപിച്ചശേഷം മാത്രം ജലപാനം ചെയ്യുക .അന്നേദിവസം ഒരിക്കലൂണ് അഭികാമ്യം .അത് ദേവീക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദമാണെങ്കില്‍ അത്യുത്തമം . ലളിതാസഹസ്രനാമം,മഹാലക്ഷ്മീസ്തവം എന്നിവ ഭക്തിപൂര്‍വ്വം ജപിക്കുക .ദേവീക്ഷേത്ര ദര്‍ശനവും നന്ന്. സന്ധ്യാസമയത്തു ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്ന സങ്കല്പത്തില്‍ കുടുംബാഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് കാര്‍ത്തിക വിളക്കു തെളിയിച്ചു ഭക്തിയോടെ ദേവീകീര്‍ത്തനങ്ങള്‍ ജപിക്കുക. പിറ്റേന്ന് രോഹിണിദിനത്തിലും വ്രതം അനുഷ്ഠിക്കണം. ഇങ്ങനെ മൂന്നു ദിവസം തെളിഞ്ഞ മനസോടെ വ്രതമനുഷ്ഠിച്ചു പ്രാര്‍ഥിച്ചാല്‍ ഭഗവതിയുടെ അനുഗ്രഹത്തോടെ പെട്ടെന്ന് ഫലസിദ്ധിയുണ്ടാവുമെന്നാണ് വിശ്വാസം.

കുടുംബത്തിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും ദുരിതമോചനത്തിനും ഉത്തമമത്രേ തൃക്കാര്‍ത്തിക വ്രതം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവര്‍ക്ക് ദോഷകാഠിന്യം കുറയുകയും സര്‍വ ദോഷങ്ങള്‍ക്കും തടസങ്ങള്‍ക്കും അറുതിയുണ്ടാവുകയും ചെയ്യും. നവരാത്രി വ്രതം പോലെ വിദ്യാര്‍ഥികള്‍ ഈ വ്രതം അനുഷ്ഠിക്കുന്നത് വിദ്യാപുരോഗതിക്ക് കാരണമാവും.വിഷ്ണുപൂജയില്‍ ഏറ്റവും പ്രാധാന്യമുള്ള തുളസിയുടെ അവതാരം തൃക്കാര്‍ത്തിക ദിനത്തിലായിരുന്നു. പാലാഴിമഥന സമയത്ത് സര്‍വ ഐശ്വര്യങ്ങളുമായി മഹാലക്ഷ്മി ആവിര്‍ഭവിച്ചത് വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളിലെന്നാണ് വിശ്വാസം. ഉമാമഹേശ്വരന്മാരുടെ പുത്രനായ സുബ്രഹ്‌മണ്യനെ എടുത്തുവളര്‍ത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവതയായ കൃത്തികളാണ് .അതിനാല്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിച്ചു പ്രാര്‍ഥിച്ചാല്‍ മഹാദേവന്റെയും ദേവിയുടെയും സുബ്രമണ്യന്റെയും മഹാവിഷ്ണുവിന്റേയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു.