Sunday, April 28, 2024
AstrologykeralaNews

ഇന്ന് ആറ്റുകാല്‍ പൊങ്കാല : പത്തരയ്ക്ക് പണ്ടാര അടുപ്പില്‍ തീപകരും

ഇന്ന് ആറ്റുകാല്‍ പൊങ്കാല : പത്തരയ്ക്ക് പണ്ടാര അടുപ്പില്‍ തീപകരും

ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയ്ക്കുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദിക്കാനായി ഭക്തജനങ്ങള്‍ തലസ്ഥാന നഗരിയില്‍ എത്തിക്കഴിഞ്ഞു. രാവിലെ 10ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ട് അവസാനിക്കുന്നതോടെ പൊങ്കാല ചടങ്ങുകളിലേക്ക് കടക്കും. 10. 30 ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് ക്ഷേത്രം ക്ഷേത്ര മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറും. തുടര്‍ന്ന് അദ്ദേഹം പണ്ടാരയടുപ്പില്‍ തീ പകരും. ശേഷം അതേ ദീപം സഹമേല്‍ശാന്തിമാര്‍ക്ക് കൈമാറും. തുടര്‍ന്ന് ക്ഷേത്ര തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തും തയ്യാറാക്കിയിരിക്കുന്ന പണ്ടാരയടുപ്പുകളിലും തീ പകരും. തുടര്‍ന്ന് ഈ ദീപമാണ് ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭക്തര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. 26-ന് രാത്രി 12.30-ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി മഹോത്സവം സമാപിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.