Saturday, May 11, 2024
indiaNews

മുംബൈ കപ്പല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും ……

കടലില്‍ വെച്ച് എഞ്ചിന്‍ റൂമില്‍ തീപിടുത്തമുണ്ടായ കപ്പല്‍ ദുരന്തത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി.മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെട്ടതായാണ് വിവരം. തീര സുരക്ഷാ സേനയാണ് കപ്പലില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗ്രേറ്റ് ഷിപ്പ് രോഹിണി എന്ന കപ്പലിനാണ് തീപിടിച്ചത്. മുംബൈ എണ്ണക്കിണറിനടുത്ത് വെച്ചാണ് കപ്പിലിനുള്ളില്‍ തീപടര്‍ന്നത്. കപ്പല്‍ ജീവനക്കാരും സൈനികരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 18 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
മൃതദേഹങ്ങള്‍ കപ്പലിനകത്തെ ഡെക്കില്‍ നിന്നാണ് കണ്ടെത്തിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മലയാളിയായ എഞ്ചിനീയര്‍ അനിത് ആന്റണി(31), അക്ഷയ് നിഗം(55) ഫിറ്റര്‍, രഞ്ജിത് സാവന്ത്(51) ഓയിലര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 9.15നാണ് കപ്പലില്‍ തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എഞ്ചിന്‍ റൂമില്‍ നിറഞ്ഞ കനത്തപുകയിലും തീയിലുംപെട്ട് എല്ലാവരും പുറത്തുകടക്കാനാവാതെ കുടുങ്ങുകയായിരുന്നു.