Monday, April 29, 2024
indiaNewsSportsworld

ഇന്ത്യ ഹോക്കി വനിത ജൂനിയര്‍ ഏഷ്യാ കപ്പ് 2023-ല്‍ കിരീടം ചൂടി

ടോക്കിയോ: ജപ്പാനിലെ ഗിഫു പ്രിഫെക്ചറിലെ കകമിഗഹാരയില്‍ നടന്ന ഹോക്കി വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് 2023-ല്‍ കിരീടം ചൂടി ഇന്ത്യ. കൊറിയയെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ജൂനിയര്‍ വനിതാ ഹോക്കി ടീം ചാമ്പ്യന്മാരായത്.  ഇന്ത്യക്കായി അന്നു, നീലം എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. നിര്‍ണായക മത്സരത്തില്‍ കൂട്ടായ പരിശ്രമമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ഇതാദ്യമായാണ് വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടുന്നത്. കളിയുടെ 22-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ആദ്യത്തെ ഗോള്‍ അടിച്ച് ഇന്ത്യ കൊറിയന്‍ വല കുലുക്കി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം കൊറിയും ഒരു പോയിന്റ് നേടി. 41-ാം മിനിറ്റിലാണ് വിജയത്തിലേക്കുള്ള രണ്ടാമത്തെ പോയിന്റ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. അഭിമാന വിജയം സമ്മാനിച്ചതിന് പിന്നാലെ ഓരോ കളിക്കാര്‍ക്കും ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ബോര്‍ഡ് 2 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു. സപ്പോര്‍ട്ട് സ്റ്റാഫിന് 1 ലക്ഷം രൂപയും സമ്മാനിക്കും. ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീമിന്റെ അഭിമാനകരമായ നേട്ടത്തെ ഹോക്കി ഇന്ത്യ പ്രസിഡന്റ് ഡോ. ദിലീപ് ടിര്‍ക്കി അഭിനന്ദിച്ചു.