Tuesday, May 14, 2024
educationkeralaNews

വ്യാജരേഖ: പ്രിന്‍സിപ്പലിന്റെ മൊഴിയെടുക്കാനാണ് അന്വേഷണസംഘം കോളേജില്‍ എത്തുന്നത്

പാലക്കാട്: മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ പ്രതിയായ കാലടി സര്‍വകലാശാല വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പളിന്റെ മൊഴിയെടുക്കും.  അഗളി സിഐ കോളേജില്‍ നേരിട്ട് എത്തിയാകും മൊഴിയെടുക്കുക. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നവരില്‍ നിന്നും അഗളി പോലീസ് വിവരങ്ങള്‍ ശേഖരിക്കും. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. അഗളി ഡിവൈഎസ്പി ഇതിനായി ഇന്ന് എറണാകുളത്തെ എത്തും. വിദ്യയുടെ കാലടി സര്‍വകലാശാലയിലെ പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം പരിശോധിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്ന് പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചേക്കും. അതേസമയം ഒളിവിലുള്ള വിദ്യയെ പിടികൂടാന്‍ ഇതുവരെ പൊലീസിനായിട്ടില്ല. വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.