Sunday, April 28, 2024
indiaNews

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനം

ന്യൂഡല്‍ഹി :ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരാറിനുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും മോദി. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാനും യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി. പ്രതിരോധം, വ്യാപാരം, ക്ലീന്‍ എനര്‍ജി എന്നിവയില്‍ സഹകരണം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.യുദ്ധമുഖത്ത് ആവശ്യമായ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക സഹായം ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്കുമുന്‍പ് യുകെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉയരുന്ന ഭീഷണിയില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തു.

പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇടപാട് പെട്ടെന്നു നടക്കാന്‍ ഇന്ത്യയ്ക്കു വേണ്ടി ഓപ്പണ്‍ ജനറല്‍ എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് (ഒജിഇഎല്‍) യുകെ പുറത്തിറക്കുമെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷന്‍ അറിയിച്ചു. റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സന്ദര്‍ശനത്തിനായാണ് ഇന്നലെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തിയത്.രാവിലെ രാഷ്ട്രപതി ഭവനില്‍ ഔപചാരിക വരവേല്‍പ്പിനുശേഷം രാജ് ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ചയും നടത്തി.