Wednesday, May 1, 2024
GulfindiaNews

ഇന്ത്യ – യുഎഇ രൂപയിലും ദിര്‍ഹത്തിലും വ്യാപാരം

അബുദാബി: ഇന്ത്യ – യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയത്.  ആര്‍ബിഐയും യുഎഇ സെന്‍ട്രല്‍ ബാങ്കും ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഒറ്റ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അബുദാബിയില്‍ എത്തിയത്. പ്രധാനമന്ത്രിയായ ശേഷം അഞ്ചാം തവണ യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പാണ് അബുദാബിയില്‍ ലഭിച്ചത്. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ഔപചാരിക സ്വീകരണത്തിന് ശേഷമായിരുന്നു ഇന്ത്യ യുഎഇ ഉഭയകക്ഷി ചര്‍ച്ച. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയിലാണ് രൂപയും ദിര്‍ഹവും ഉപയോഗിച്ചുള്ള പരസ്പരവ്യാപരത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ഇരു രാജ്യങ്ങളുടെയും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും പരസ്പരം ബന്ധിപ്പിക്കാനും ചര്‍ച്ചകളില്‍ ധാരണയായി. ജി ട്വിന്റി ഉച്ചകോടിക്ക് മുന്‍പ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10000 കോടിയിലേക്ക് എത്തിനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി കൂടുതല്‍ മേഖലകളിലേക്ക് പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ചര്‍ച്ചയായി. ഇന്ത്യയില്‍ നടക്കുന്ന ജി ട്വന്റി ഉച്ചകോടിയിലേക്ക് യുഎഇയെ ഔദ്യോഗികമായി ക്ഷണിച്ച മോദി യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി. നേരത്തെ കോപ്പ് 28 നിയുക്ത പ്രസിഡന്റ് ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബറുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. രാവിലെ അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് സ്വീകരിച്ചത്. വിമാനത്താവളത്തില്‍ ഇരുവരും ?ഹ്രസ്വമായ ചര്‍ച്ചയും നടത്തിയിരുന്നു.