Sunday, May 5, 2024
educationindiaNews

ഇന്ത്യയുടെ ചരിത്രം കുറിച്ച് ചന്ദ്രയാന്‍ 3

ദില്ലി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ശാസ്ത്രജ്ഞരും കേന്ദ്രമന്ത്രിയടക്കം ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി ചാന്ദ്ര ദൗത്യം പേകടം ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രനിലേക്കുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയര്‍ന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ ലാന്‍ഡര്‍ ഇറങ്ങുമെന്നാണ് വിലയിരുത്തുന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായി ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് 2023. കൊവിഡ് കാലത്തിന് ശേഷം നിരവധി വിക്ഷേപണങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒയുള്ളത്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെടും. ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള പാര്‍ക്കിംഗ് ഓര്‍ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവില്‍ ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയ ശേഷമായിരിക്കും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ചാന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ വേര്‍പ്പെടുക. അതിന് ശേഷം ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ കുറഞ്ഞ ദൂരവും നൂറ് കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക പ്രവേശിക്കും. ഇവിടെ നിന്നാണ് നിര്‍ണായകമായ ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണപഥം വിട്ട് കഴിഞ്ഞാല്‍ 20 മിനുട്ട് കൊണ്ട് ലാന്‍ഡ് ചെയ്യാനാണ് ഇസ്രൊ പദ്ധതിയിട്ടിരിക്കുന്നത്. ആഗസ്റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം. ലാന്‍ഡിംഗ് കഴിഞ്ഞാല്‍ റോവര്‍ പുറത്തേക്ക്. പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം. ഇത്രയും കഴിഞ്ഞാല്‍ മാത്രമേ ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് പ്രഖ്യാപിക്കാനാവൂ.ചന്ദ്രയാന്‍ മൂന്നിലെ മൂന്ന് വ്യത്യസ്തഘടകങ്ങളെ വിശദമായി പരിചയപ്പെടാം. ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന ലാന്‍ഡര്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ പോകുന്ന റോവര്‍. പിന്നെ ലാന്‍ഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിക്കാന്‍ പോകുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍. അങ്ങനെ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വിക്ഷേപണത്തിനുള്ള 25 അരമണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ശ്രീഹരിക്കോട്ടയില്‍ നിന്നും ചന്ദ്രയാന്‍ മൂന്ന് ദൗത്യവുമായി എല്‍വിഎം 3 കുതിച്ചുയര്‍ന്നു. ഇന്ധനമടക്കം 2,148 കിലോഗ്രാം ഭാരമുണ്ട് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്. കഴിഞ്ഞ തവണത്തേതില്‍ നിന്നുള്ള പ്രധാന മാറ്റങ്ങളില്‍ ഒന്ന് ഓര്‍ബിറ്റര്‍ അഥവാ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ കാര്യമായ ശാസ്ത്ര ഗവേഷണ ഉപകരണങ്ങളില്ല എന്നുള്ളതാണ്. (ചാന്ദ്ര ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയെ നിരീക്ഷിക്കാനുള്ളതാണ് ഈ ഉപകരണം) എന്ന ഒരേയൊരു പേ ലോഡാണ് ഓര്‍ബിറ്ററില്‍ ഉള്ളത്. നിലവില്‍ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതില്‍ വച്ച് എറ്റവും ശേഷിയുള്ള ഉപഗ്രഹങ്ങളിലൊന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍. അത് കൊണ്ടാണ് ഇക്കുറി പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ കാര്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. ചന്ദ്രയാന്‍ ദൗത്യത്തിലെ താരം ലാന്‍ഡറാണ്. ചാന്ദ്ര ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ പോകുന്ന ലാന്‍ഡറിന്റെ ഭാരം 1,726 കിലോഗ്രാമാണ്. നാല് പേ ലോഡുകളാണ് ലാന്‍ഡറിലുള്ളത്.                                                                                                        1. റേഡിയോ അനാട്ടമി ഓഫ് മൂണ്‍ ബൗണ്ട് ഹൈപ്പര്‍സെന്‍സിറ്റീവ്ഐയണോസ്ഫിയര്‍ ആന്‍ഡ് അറ്റ്‌മോസ്ഫിയര്‍ അഥവാ രംഭ. ചന്ദ്രോപരിതലത്തിലെ പ്ലാസ്മ സാന്നിധ്യം പഠിക്കാനുള്ള ഉപകരണമാണ് ഇത്.

2. ചന്ദ്ര സര്‍ഴേസ് തെര്‍മോ ഫിസിക്കല്‍ എക്‌സ്‌പെരിമന്റ് അഥവാ ചേസ്റ്റ്. ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപ വ്യതിയാനം പഠിക്കുകയാണ് ഈ ഉപകരണത്തിന്റെ ലക്ഷ്യം.

3. ഇന്‍സ്ട്രുമെന്റ് ഫോര്‍ ലൂണാര്‍ സീസ്മിക് ആക്റ്റിവിറ്റ് അഥവാ ഇല്‍സ. ചന്ദ്രോപരിതലത്തിലെ കുലുക്കങ്ങള്‍ പഠിക്കാനായി ഈ ഉപകരണത്തിന്റെ സാഹായം തേടുന്നു.

4. ലേസര്‍ റിട്രോഫ്‌ലക്റ്റര്‍ അറേ. നാസയില്‍ നിന്നുള്ള പേ ലോഡ് ഉപകരണമാണിത്.

കൂടുതല്‍ കരുത്തേറിയ കാലുകളും കൂടുതല്‍ മെച്ചപ്പെട്ട സെന്‍സറുകളുമായാണ് ഇത്തവണ ഇസ്രൊ ലാന്‍ഡറിനെ ഒരുക്കിയിരിക്കുന്നത്. ലാന്‍ഡറിന്റെ അടിയിലുള്ള നാല് ലിക്വിഡ് എഞ്ചിനുകളാണ് ബഹിരാകാശ പേടകത്തിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമാക്കുക. ലാന്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയും പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ വഴിയുമായിരിക്കും ഭൂമിയിലേക്ക് എത്തുക.
ലാന്‍ഡറിന് അകത്താണ് ഈ ദൗത്യത്തിലെ എറ്റവും ഭാരം കുറഞ്ഞ ഘടകമുള്ളത്. അതാണ്, ചന്ദ്രയാന്‍ 3 റോവര്‍. വെറും 26 കിലോ മാത്രം ഭാരമുള്ള, ആറ് ചക്രങ്ങളുള്ള ഈ ചെറു റോബോട്ടിലുള്ളത് രണ്ട് പേ ലോഡുകളാണ്.                                                                   ചന്ദ്രന്റെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക് ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പും, ചന്ദ്രനിലെ മൂലക സാന്നിധ്യം പഠിക്കാനുള്ള ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ് റേ സ്‌പെക്ട്രോ മീറ്ററും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു ചാന്ദ്ര പകല്‍ മാത്രമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്. അതായത്, ചന്ദ്രനില്‍ സൂര്യന്‍ ഉദിക്കുന്നത് മുതല്‍ അസ്തമിക്കുന്നത് വരെയുള്ള സമയം മാത്രം. ഭൂമിയിലെ കണക്ക് വച്ച് നോക്കിയാല്‍ ഇത് വെറും 14 ദിവസമാണ്. ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി, തുടര്‍ന്നുള്ള 14 ദിവസവും ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിച്ചാലാണ് ദൗത്യം സമ്പൂര്‍ണ വിജയമായി പ്രഖ്യാപിക്കുക. അതിനായുള്ള കാത്തിരിപ്പിലാണ് ഇസ്രോയിലെ ശാസ്ത്രസമൂഹം.

ചന്ദ്രയാന്‍ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. അവരുടെ അര്‍പ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട് എന്നും മോദി ട്വീറ്റ് ചെയ്തു.