Monday, May 13, 2024
keralaNews

ആം ആദ്മി പാര്‍ട്ടിയും ട്വന്റി20 പാര്‍ട്ടിയും ചേര്‍ന്ന് ‘ജനക്ഷേമ സഖ്യം’പ്രഖ്യാപിച്ചു.

കൊച്ചി :ആം ആദ്മി പാര്‍ട്ടിയും (എഎപി) ട്വന്റി20 പാര്‍ട്ടിയും ചേര്‍ന്ന് ‘ജനക്ഷേമ സഖ്യം’ (പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ്) എന്ന രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു.കിഴക്കമ്പലത്ത് ആയിരങ്ങള്‍ അണിനിരന്ന ജനസംഗമത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളും ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബും ചേര്‍ന്നാണു പ്രഖ്യാപനം നടത്തിയത്. ഡല്‍ഹിയും പഞ്ചാബും പോലെ കേരളത്തെയും മാറ്റുമെന്നു കേജ്രിവാള്‍ പറഞ്ഞു.ഇതു രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4 കോടിയോളം ജനങ്ങളുടെ സഖ്യമാണ്. ഏതു പക്ഷത്തായിരിക്കണമെന്ന ശരിയായ തിരഞ്ഞെടുപ്പു നടത്തേണ്ട സമയമാണിത്. കലാപങ്ങള്‍ ഉണ്ടാക്കുകയും അഴിമതിയും കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ േവണോ അതോ എഎപിയും ട്വന്റി20യും പോലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും നല്ല വിദ്യാഭ്യാസവും തൊഴിലും നല്‍കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ വേണോ എന്നു ജനങ്ങളാണു തീരുമാനിക്കേണ്ടതെന്ന് കേജ്‌രിവാള്‍ പറഞ്ഞു.
സംസ്ഥാനത്തെ പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങള്‍ക്കു സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നു സാബു എം. ജേക്കബ് പറഞ്ഞു. കെ റെയില്‍ നടപ്പാക്കിയാല്‍ കേരളമെന്ന സംസ്ഥാനം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.