Saturday, May 4, 2024
indiaNewsSports

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് മെഗാ താരലേലത്തിനുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ ഒരു സംസ്ഥാന മന്ത്രിയും

മുംബൈ :ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) ഈ വര്‍ഷത്തെ മെഗാ താരലേലത്തിനുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ ഒരു സംസ്ഥാന മന്ത്രിയും! ക്രിക്കറ്റ് താരം കൂടിയായ ബംഗാള്‍ കായികമന്ത്രി മനോജ് തിവാരിയാണ് താരലേലത്തിനുള്ള 590 പേരുടെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. 50 ലക്ഷം രൂപയാണ് തിവാരിയുടെ അടിസ്ഥാന വില. സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍, ഏഴു വര്‍ഷത്തെ വിലക്കില്‍നിന്ന് സ്വതന്ത്രനായി കളത്തില്‍ തിരിച്ചെത്തിയ മലയാളി താരം എസ്. ശ്രീശാന്ത്, ടെസ്റ്റ് സ്‌പെഷലിസ്റ്റായി അറിയപ്പെടുന്ന ചേതേശ്വര്‍ പൂജാര എന്നിവരും ചുരുക്കപ്പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാണ്.ലേലത്തിനുള്ള ഏറ്റവും പ്രായം കൂടിയ താരം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍; 42 വയസ്സ്. ഏറ്റവും പ്രായം കുറഞ്ഞ താരം അഫ്ഗാനിസ്ഥാന്റെ നൂര്‍ അഹ്‌മദ്; 17 വയസ്സ്. ഐപിഎലില്‍ ഇതുവരെ 98 മത്സരങ്ങള്‍ കളിച്ചിട്ടുള്ള തിവാരി, 1695 റണ്‍സും നേടിയിട്ടുണ്ട്. ഇതുവരെ ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ് എന്നീ നാലു ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
അതേസമയം, 2018നുശേഷം ഒരു ടീമും തിവാരിയെ ലേലത്തില്‍ വാങ്ങിയിട്ടില്ല. ഈ വര്‍ഷം ബംഗാള്‍ രഞ്ജി ടീമിലേക്ക് തിരിച്ചുവരവു നടത്തിയ സാഹചര്യത്തിലാണ് മെഗാ താരലേലത്തില്‍ മന്ത്രിയും പേരു ചേര്‍ത്തത്. ഇക്കഴിഞ്ഞ ബംഗാള്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തിവാരിയെ, മമതാ ബാനര്‍ജി സര്‍ക്കാരില്‍ കായിക, യുവജനക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി നിയമിക്കുകയായിരുന്നു.തിവാരിക്കു പുറമേ, ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഏഴു വര്‍ഷത്തോളം സജീവ ക്രിക്കറ്റില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടശേഷം തിരിച്ചെത്തുന്ന മലയാളി താരം എസ്. ശ്രീശാന്താണ് പട്ടികയിലെ ശ്രദ്ധേയനായ മറ്റൊരു സാന്നിധ്യം. 50 ലക്ഷം രൂപയാണ് ശ്രീയുടെ അടിസ്ഥാന വില.
കഴിഞ്ഞ വര്‍ഷത്തെ താരലേലത്തില്‍ 50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാര ഇത്തവണയും അതേ അടിസ്ഥാന വിലയുമായി ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വലം കയ്യന്‍ ബോളര്‍, ലെഗ് സ്പിന്നര്‍ എന്നിങ്ങനെയാണ് പൂജാരയ്ക്ക് ലേലപ്പട്ടികയിലെ വിശേഷണം. കഴിഞ്ഞ തവണ മറ്റു ടീമുകളുടെ കയ്യടികള്‍ക്കിടെയാണ് 50 ലക്ഷം രൂപയ്ക്ക് ചെന്നൈ പൂജാരയെ സ്വന്തമാക്കിയത്.കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് വാങ്ങിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഈ വര്‍ഷവും ലേലത്തിനുണ്ട്. അടിസ്ഥാന വില 20 ലക്ഷം രൂപ തന്നെ. കഴിഞ്ഞ സീസണില്‍ പരുക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റിനിടെ അര്‍ജുന്‍ പുറത്തായിരുന്നു.അതിനിടെ, 20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട് താരലേലത്തിന് റജിസ്റ്റര്‍ ചെയ്ത തമിഴ്‌നാട് താരം ഷാരൂഖ് ഖാന്‍ ചുരുക്കപ്പട്ടിക പുറത്തുവന്നപ്പോള്‍ അടിസ്ഥാന വില കൂട്ടിയതും ശ്രദ്ധേയമായി. 40 ലക്ഷം രൂപയാണ് ചുരുക്കപ്പട്ടിക പ്രകാരം ഷാരൂഖിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ 20 ലക്ഷം അടിസ്ഥാന വിലയുമായി ലേലത്തിനെത്തിയ ഷാരൂഖിനെ 5.25 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.