Tuesday, May 7, 2024
indiakeralaNewsObituary

ഇന്ത്യന്‍ ദമ്പതികള്‍ യുഎസില്‍ മരിച്ചനിലയില്‍

യുഎസിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് ന്യൂജഴ്‌സിയിലെ നോര്‍ത്ത് ആര്‍ലിങ്ടന്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇരുവരും കുത്തേറ്റനിലയിലായിരുന്നു. ഇവരുടെ നാല് വയസ്സുള്ള മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് കരയുന്നതു കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രവാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

വിദഗ്ധ പരിശോധനയുടെ റിപ്പോര്‍ട്ടു കിട്ടിയശേഷമെ ഇരുവരുടേയും മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആരതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ബാലാജി, ആരതിയുടെ വയറ്റില്‍ കുത്തിയതിന്റെയും വീട്ടില്‍ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

വ്യാഴാഴ്ചയാണ് മരണവിവരം നാട്ടില്‍ അറിയിച്ചതെന്ന് ഭരത് രുദ്രവാര്‍ പറഞ്ഞു. മരണകാരണം സംബന്ധിച്ച് അവര്‍ക്കും വ്യക്തതയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നാണ് അവര്‍ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരാഴ്ചയിലധികം സമയം എടുക്കും. ബാലാജിയുടെ സുഹൃത്തിനൊപ്പമാണ് ഇപ്പോള്‍ മകളെന്നും ഭരത് പറഞ്ഞു.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍നിന്നുള്ള ബാലാജി, ഭാര്യ ആരതിയുമൊത്ത് 2015ലാണ് യുഎസിലേക്ക് പോയത്. 2014 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രമുഖ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലായിരുന്നു ബാലാജിക്ക് ജോലി. ആരതി ജോലിക്ക് പോയിരുന്നില്ല.