Monday, May 6, 2024
keralaNews

ജവാന്‍ റമ്മിന്റെ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കില്ല;കാരണം വിശദമായ പരിശോധനയ്ക്ക് ശേഷം

പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ ജവാന്‍ ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല. പോലീസ്, എക്സൈസ്, ബിവറേജ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്റ്റോക്ക് പരിശോധിച്ച ശേഷം മാത്രമെ ഈ വിഷയത്തില്‍ തീരുമാനമാവുകയുള്ളൂ. നേരത്തെ ജവാന്‍ മദ്യ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അറിയച്ചതിനെ തുടര്‍ന്ന് ജോലിയ്ക്ക് എത്തിയ തൊഴിലാളികള്‍ തിരികെ പോയി.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഇന്ന് ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ പരിശോധന നടത്തുന്നുണ്ട്. സ്പിരിറ്റ് കടത്തില്‍ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവരെയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കര്‍ ലോറികളില്‍ നിന്നാണ് പ്രതികള്‍ സ്പിരിറ്റ് കടത്തിയത്. നാല്‍പ്പതിനായിരം ലിറ്റര്‍ വീതമുള്ള രണ്ട് ടാങ്കറുകളും ലോഡ് ഉള്‍പ്പടെ പോലീസ് കസ്റ്റഡിയിലാണ്. ഇതോടെ സ്പിരിറ്റിനും ക്ഷാമം ആയി. തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്താന്‍ കെഎസ്ബിസി നിര്‍ദ്ദേശം നല്‍കിയത്.