Saturday, May 4, 2024
keralaNewspolitics

ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നു വ്യക്തമാക്കി മന്ത്രി ഇ.പി.ജയരാജന്‍.

ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നു വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ.പി.ജയരാജന്‍. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ ഇത്തവണ മാറി നില്‍ക്കണമെന്ന തീരുമാനത്തെ തുടര്‍ന്ന് ഇത്തവണ മത്സരിക്കാനില്ലെന്നു ജയരാജന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇനി മത്സര രംഗത്തേക്കു തന്നെയില്ലെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്ണൂര്‍ നിയമസഭാ മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവെയാണ് പുതിയ തീരുമാനം ജയരാജന്‍ പ്രഖ്യാപിച്ചത്.

രണ്ടു തവണ മത്സരിച്ചവര്‍ ഇക്കുറി മത്സരിക്കേണ്ടതില്ലെന്ന സിപിഎം തീരുമാനത്തില്‍ ഇളവു കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തവണ ഇ.പി.ജയരാജനു സീറ്റ് ലഭിക്കാതിരുന്നത്. മട്ടന്നൂരില്‍ വികസന രംഗത്ത് കോടികളുടെ പദ്ധതി എത്തിച്ച ജയരാജന് അതിന്റെ പൂര്‍ത്തീകരണത്തിനു മുന്‍പു തന്നെ പാര്‍ലമെന്ററി രംഗത്തുനിന്നു മാറേണ്ടി വന്നതിലുള്ള പരിഭവത്തിന്റെ ഭാഗമാണ് ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന തീരുമാനത്തിനു പിന്നിലെന്നാണു സൂചന. എന്നാല്‍ ഇക്കാര്യം അദ്ദേഹം സമ്മതിക്കാന്‍ തയാറായിട്ടില്ല.