Monday, April 29, 2024
keralaNews

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തും നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തും നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കേരളവും. രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ വക്കിലാണ് എന്ന സൂചനകള്‍ പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് കേരളവും നടപടികള്‍ കടുപ്പിയ്ക്കുന്നത്.സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം ഉള്ളവര്‍ക്കും ഇത് ബാധകമാണ്.പുറത്തു നിന്ന് വരുന്നവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട, കോവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരും ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയമാകണം.പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചവരും ആര്‍ടി- പിസിആര്‍ ടെസ്റ്റ് ചെയ്യണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധം കൂടുതല്‍ ഫലപ്രദമാക്കാന്‍ ആര്‍ടി- പിസിആര്‍ പരിശോധന 70 ശതമാനമാക്കി ഉയര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോവിഡ് കേസുകള്‍ ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ കേരളത്തെയും ബാധിക്കും. ഇത് മുന്‍കൂട്ടി കണ്ടുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.