Tuesday, April 30, 2024
keralaNews

ഇടുക്കിയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി.

ഇടുക്കി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി. അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി മുടി മുറിച്ചുവെന്നാണ് പരാതിയുയര്‍ന്നിട്ടുള്ളത്. ഇടുക്കി പീരുമേടിന് സമീപത്തെ കരടിക്കുഴിയിലാണ് സംഭവം.എസ്റ്റേറ്റ് തൊഴിലാളിയുടെ മകളായ 19 വയസുകാരിയുടെ മുടി അയല്‍വാസിയായ സുനില്‍ എന്ന യുവാവാണ് മുറിച്ചത്. സംഭവത്തില്‍ പോലീസില്‍ പരാതിയും ലഭിച്ചിട്ടുണ്ട്.സമീപ വാസികളായ ഇവര്‍ തമ്മില്‍ ഇടക്കാലത്ത് പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ ഇതിനിടെ അഭിപ്രായ  വ്യത്യാസമുണ്ടാവുകയുമായിരുന്നു. എന്നാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഇന്ന് വൈകിട്ട് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടിയുടെ കയ്യിലിരുന്ന കത്രിക പിടിച്ചു വാങ്ങി ഇയാള്‍ മുടിമുറിച്ചു മാറ്റിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ യുവാവ് വീട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭയന്ന പെണ്‍കുട്ടി സ്വയം പ്രതിരോധത്തിന് വേണ്ടി കത്രിക എടുത്തുവെന്നും ഈ കത്രിക പിടിച്ചുവാങ്ങിയ യുവാവ് പെണ്‍കുട്ടിയുടെ മുടി ബലമായി മുറിച്ച് മാറ്റിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ബഹളം വെച്ചതോടെ യുവാവ് വീട്ടില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. നേരത്തെയും ഈ യുവാവ് ഇതുപോലെ സമീപിച്ചതായും അപ്പോഴെല്ലാം പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചിരുന്നുവെന്നാണ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എസ്റ്റേറ്റിലെ താമസക്കാരാണ് 23കാരനായ സുനില്‍. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.