Tuesday, May 7, 2024
keralaNews

ആർട്ടിസ്റ്റ് എം. രാമവർമ്മരാജയുടെ  ‘അൻപതാം’ ചരമ വാർഷികം ഇന്ന്.

രാജരവിവർമ്മയുടെ രണ്ടാമത്തെ പുത്രനാണ് രാമവർമ്മരാജ. മാവേലിക്കര കൊട്ടാരത്തിൽ 1980 ൽ ജനിച്ചു.മാവേലിക്കര പൂരുരുട്ടാതി തിരുനാൾ മഹാപ്രഭയാണ് മാതാവ്.ബോംബെ ജെ ജെ സ്കൂൾ ഓഫ് ആർട്സ്, മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ എന്നിവിടങ്ങളിൽ നിന്നും  പഠനവും ഉപരിപഠനവും നടത്തി.പിതാവിന്റെയും ചെറിയഛന്റെയും  കൂടെ ചിത്രരചനയിൽ മുഴുകി.
പിന്നീട് ചെറിയഛന്റെയും അച്ഛന്റെയും മരണശേഷം ചിത്രകാരനായി തന്നെ ഇന്ത്യയിൽ മുഴുവൻ സഞ്ചരിച്ചു. അനേകം ചിത്രപ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
അതിനുശേഷം  മാവേലിക്കരയിൽ വന്ന് സ്ഥിരതാമസമാക്കി. “രവി വിലാസ്” എന്ന സ്റ്റുഡിയോ തുടങ്ങി. നിരവധി കലാസൃഷ്ടികൾ ഇവിടെ വച്ചാണ് അദ്ദേഹം നടത്തിയത്.1915 ൽ മാവേലിക്കരയിൽ രാജാരവിവർമ്മ കലാ വിദ്യാലയം സ്ഥാപിച്ചു. പി ജെ ചെറിയാൻ ആയിരുന്നു മുഖ്യമേലധികാരി. പിന്നീടത് സർക്കാറിന് കൈമാറി. അപ്പോൾ സ്കൂൾ ഓഫ് ആർട്സ് ആയി മാറി. ഇപ്പോൾ രാജ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് എന്നായി.പ്രശസ്ത ശിൽപി എം ശേഖർ ആയിരുന്നു ശില്പകലാ  വിഭാഗത്തിന്റെ മേധാവി. അദ്ദേഹം നിർമ്മിച്ച ശിൽപ്പമാണ് ഇപ്പോൾ കോളേജ് ഓഫ് ഫൈൻ ആർട്സിൽ മുൻപിലുള്ള രാജരവിവർമ്മയുടെ ശിൽപ്പം. കാർട്ടൂണിസ്റ്റ് ശങ്കർ, പി കെ മന്ത്രി, ബാലൻനായർ, എന്റെ ഗുരുനാഥനായ റ്റി.എസ് ശ്രീധരൻ നായർ, ടി എ സുകുമാരമേനോൻ തുടങ്ങി നിരവധി  ചിത്രകാരന്മാരാണ് പിന്നീട് അവിടെ പഠിച്ച് ലോകപ്രശസ്തരായവർ.ചിത്രകല മാത്രമല്ല രാമവർമ്മരാജയുടെ പ്രവർത്തനം. ബിഷപ്പ് മൂർ കോളേജിനും, റവ : പീറ്റ് മെമ്മോറിയൽ ബിഎഡ് കോളേജിനും കൊട്ടാരംവക സ്ഥലം പതിച്ചു നൽകാൻ മുൻകൈ എടുത്തത് അദ്ദേഹമാണ്.
1921 മദ്രാസ് സർക്കാർ സ്കൂൾ ഓഫ് ആർട്സ് റീ ഓർഗനൈസിംഗ് കമ്മിറ്റി അംഗമായി രാമവർമ്മയെ നിയമിച്ചു. സ്കൂളുകളിൽ സ്കൗട്ട് ആൻഡ് ഗൈഡ്  കേരളത്തിൽ ആരംഭിച്ചതും രാമവർമ്മയുടെ ശ്രമഫലമായിട്ടാണ്. ഫോട്ടോഗ്രാഫി കേരളത്തിൽ പ്രചരിപ്പിക്കാനുള്ള പ്രവർത്തനം നടത്തിയതും അദ്ദേഹമായിരുന്നു കൂടാതെ കൊടാക്ക് കമ്പനിയുമായി സഹകരിച്ച് മെറ്റീരിയൽസ് ഷോപ്പുകളും തുടങ്ങി.
1924 മുതൽ 35 വരെ മാവേലിക്കര നഗരസഭയുടെ പ്രഥമ ചെയർമാൻ ആയിരുന്നു. അതുപോലെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ (1930) അംഗമായിരുന്നു.1934 ൽ ലോകസഞ്ചാരം നടത്തി. നേപ്പാൾ, റോം, വെനീസ്, ഫ്രാൻസ്, മ്യൂണിച്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ മ്യൂസിയങ്ങളും ആർട്ട് ഗ്യാലറികൾ സന്ദർശിച്ച് പഠനങ്ങളിൽ ഏർപ്പെട്ടു.
1962 ലെ കേരള ലളിതകലാ അക്കാഡമി തുടങ്ങിയപ്പോൾ ആദ്യ ചെയർമാനായി. അക്കാദമിയുടെ ആദ്യ ഫെല്ലാഷിപ്പും അദ്ദേഹത്തിനായിരുന്നു.1970 ഓഗസ്റ്റ് 25ന് തൊണ്ണൂറാമത്തെ വയസ്സിൽ രാമവർമ്മരാജാ അന്തരിച്ചു.
രാമവർമ്മരാജായുടെ ശിഷ്യരായ ശ്രീധരൻ നായർ, സി കെ രാ, പരമേശ്വരൻ പിള്ള തുടങ്ങിയവർ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരെ രണ്ടുപേരെയും ഞാൻ പരിചയപ്പെട്ടത് ശ്രീധരൻനായർ സാറിന്റെ വീട്ടിൽ വച്ചായിരുന്നു. പഠിച്ചിരുന്ന കാലത്ത്.രാമവർമ്മ രാജായുടെ ശിഷ്യനായ ശ്രീധരൻനായർ സാറിന്റെ ശിഷ്യനായതിൽ അഭിമാനമുണ്ട്. അതുപോലെ ഈ വിശ്വവിഖ്യാത പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞതും. ശ്രീധരൻനായർ കോട്ടയത്തിന്റെ ചിത്രകലാ ഗുരുവാണ്. വേറെ ആരുംതന്നെ ആ പദവിക്ക് ഇന്നുവരെ അർഹത നേടിയിട്ടില്ല. ഇനി അങ്ങനെ ഒന്ന് സംഭവിക്കുകയുമില്ല. ഒരു തരത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന്റെ ശിഷ്യനാകാൻ കഴിഞ്ഞത് പുണ്യവും അഭിമാനകരവും ആണ്. ഞാൻ മാത്രമല്ല നൂറുകണക്കിന് ചിത്രകാരന്മാർ ഇതിൽ അഭിമാനിക്കുന്നുണ്ട്. രാമവർമ്മരാജയുടെ അമ്പതാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നു
 റിപ്പോർട്ടിംഗ് .
പി ജി ഗോപാലകൃഷ്ണൻ.
ചിത്രകലാ അധ്യാപകൻ,
 ജവഹർ ബാലഭവൻ കോട്ടയം.