Saturday, April 27, 2024
keralaNews

മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാര്‍ക്കും പുതിയ കാര്‍

മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാര്‍ക്കും പുതിയ കാര്‍ വാങ്ങുന്നു. പത്ത് കാറുകള്‍ വാങ്ങാന്‍ മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു. നിലവിലെ വാഹനങ്ങള്‍ അപര്യാപ്തമാണെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ നിലപാട്.
ആഡംബര വാഹനമായ കിയ കാര്‍ണിവല്‍ മുഖ്യമന്ത്രി വാങ്ങിയിട്ട് ഒരു മാസമായില്ല. അതിന് ഏതാനും മാസം മുന്‍പ് മൂന്ന് പുതിയ കറുത്ത കാറുകള്‍. അങ്ങിനെ മുഖ്യമന്ത്രി പുത്തന്‍ കാറില്‍ കുതിക്കുമ്പോള്‍ മന്ത്രിമാരും കുറയ്ക്കുന്നില്ല. പത്ത് മന്ത്രിമാര്‍ക്ക് ഉടന്‍ പുതിയ കാറെത്തും. ഇന്നോവ ക്രിസ്റ്റ തന്നെയാണ് വാങ്ങുന്നത്. ഒരു കാറിന്റെ വില 32 ലക്ഷം രൂപ. അങ്ങിനെ പത്ത് കാറിനായി മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു.

മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലുള്ള വാഹനങ്ങള്‍ അപര്യാപ്തമായതിനാല്‍ പുതിയ വാഹനങ്ങള്‍ വാങ്ങിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. ഏതാനും മാസം മുന്‍പ് ധനമന്ത്രി കെ. എന്‍. ബാലഗോപാലിന്റെ കാറിന്റെ ടയര്‍ ഓട്ടത്തിനിടെ ഊരിത്തെറിച്ചിരുന്നു. ഇത്തരത്തില്‍ വാഹനങ്ങള്‍ പഴകി അപകടാവസ്ഥയിലായെന്നും മന്ത്രിമാര്‍ വിശദീകരിക്കുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് പത്ത് വാഹനങ്ങള്‍ വാങ്ങുന്നതിനെ എതിര്‍ത്തിരുന്നു. 5 വാഹനങ്ങള്‍ വാങ്ങാനായിരുന്നു ധനവകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ ടൂറിസം വകുപ്പ് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പത്ത് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭ യോഗ ത്തില്‍ വച്ച് തീരുമാനമെടുപ്പിക്കുക ആയിരുന്നു.