Friday, May 17, 2024
HealthkeralaNews

ആര്‍ടിപിസിആര്‍ പരിശോധനയില്ലാതെ ഇടുക്കി ജില്ല

സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍ടിപിസിആര്‍ പരിശോധനയില്ലാതെ ഇടുക്കി ജില്ല. ലാബ് ടെക്‌നീഷ്യന്‍മാരില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയിലെ ഏക ആര്‍ടിപിസിആര്‍ ലാബ് പൂട്ടി. കോട്ടയം മെഡിക്കല്‍ കോളജിലയച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.

കോവിഡ് വ്യാപനം പരിധി വിട്ടതോടെയാണ് ഇടുക്കി അടക്കം എല്ലാ ജില്ലകളിലും സര്‍ക്കാര്‍ പരിശോധനാ സംവിധാനമൊരുക്കിയത്. ലക്ഷങ്ങള്‍ മുടക്കി പുതിയ യന്ത്ര സംവിധാനങ്ങളും വാങ്ങി വച്ചു. കോവിഡ് ബ്രിഗേഡെന്ന പേരില്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരായിരുന്നു ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നെടുംതൂണ്‍.

പക്ഷേ കഴിഞ്ഞ മാസം സര്‍ക്കാര്‍ 1 14 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ലാബ് ടെക്‌നീഷ്യമാര്‍ പോയതോടെ ലാബ് പൂട്ടി. RTPCR പരിശോധന പരമാവധി കുറച്ചു. അടിയന്തിര ഘട്ടത്തില്‍ ശേഖരിക്കുന്ന സാംപിളുകള്‍ കോട്ടയത്തേക്ക് അയക്കും. ഫലത്തില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പരിശോധിക്കണമെങ്കില്‍ സാംപിളുമായി ഒരു വണ്ടി 250 കിലോമീറ്റര്‍ ഓടണം. തിങ്കളാഴ്ച ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ഏഴ് ലാബ് ടെക്നീഷ്യന്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതും ആശുപത്രിയുടെ സ്വന്തം ചെലവില്‍.