Sunday, May 12, 2024
keralaNews

കേരളത്തില്‍ ഇന്ധനവില്‍പ്പന കുറഞ്ഞു

അയല്‍ സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചതോടെ കേരളത്തിലെ ദേശീയപാതയിലുള്ള പെട്രോള്‍ പമ്പുകളിലെ ഇന്ധനവില്‍പ്പന പകുതിയിലേറെ കുറഞ്ഞു. വിലക്കുറവ് കാരണം ചരക്കുലോറികള്‍ വ്യാപകമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതാണ് വില്‍പ്പന കുറയാന്‍ കാരണമായി പെട്രോളിയം ഡീലേഴ്‌സ് പറയുന്നത്.

കാസര്‍കോട് ജില്ലയില്‍ ആകെയുള്ള പെട്രോള്‍ പമ്പുകളുടെ എണ്ണം 82 ആണ്. കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി മുതല്‍ കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് വരെ ദേശീയപാത 66ല്‍ മാത്രം 32 പെട്രോള്‍ പമ്പുകള്‍ ഉണ്ട്. കേന്ദ്രത്തിന് പുറകെ കര്‍ണാടകയും പുതുച്ചേരിയും വില കുറച്ചതോടെയാണ് കേരളത്തിലെ വടക്കന്‍ മേഖലകളിലെ പമ്പുകളില്‍ കച്ചവടം കുറഞ്ഞത്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയുടെ പമ്പുകളില്‍ ചിലതില്‍ 70 ശതമാനത്തോളം കച്ചവടം കുറഞ്ഞതായി ഡീലര്‍മാര്‍ പറയുന്നു. ഏതാണ്ട് ഭൂരിപക്ഷം പമ്പുകളിലും പകുതിയെങ്കിലുമായി കച്ചവടം താഴ്ന്നു.

കേരളത്തിലേക്ക് കടക്കുന്നതിന് മുന്‍പ് കര്‍ണാടകയുടെ ഭാഗത്തുള്ള പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുകയാണ് ചരക്കുലോറികള്‍ ചെയ്യുന്നത്. പിന്നീട് ആവശ്യംവന്നാല്‍ മാഹിയില്‍ നിന്നും ഇന്ധനം നിറയ്ക്കും. ഈ ഇന്ധനം ഉപയോഗിച്ച് കൊച്ചി വരെ എത്താം. കന്നാസുകളിലും മറ്റും ലോറികളില്‍ വ്യാപകമായി ഇന്ധനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ചുകൊണ്ടുപോകുന്നുമുണ്ട്. വില്‍പ്പന കുത്തനെ കുറഞ്ഞാല്‍ നികുതി ഇനത്തില്‍ സര്‍ക്കാരിന് തന്നെയാകും വലിയ നഷ്ടമുണ്ടാവുകയെന്നാണ് പെട്രോളിയം ഡീലേഴ്‌സ് പറയുന്നത്.