Saturday, May 4, 2024
keralaNews

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി. എസ്.ഡി.പി.ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീറാണ് അറസ്റ്റിലായത്. കൃത്യം നടത്താന്‍ പ്രതികള്‍ക്ക് വാഹനം എത്തിച്ചു നല്‍കിയത് നസീറാണെന്ന് പൊലീസ് വ്യക്തമാക്കി.പ്രതികള്‍ക്ക് സഹായം നല്‍കിയവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനിരിക്കെയാണ് നസീറിനെ കൊല്ലങ്ങോട് നിന്നും പൊലീസ് പിടികൂടിയത്. കൊലപാതകത്തിനായി വാഹനം എത്തിച്ചു നല്‍കിയതിന് പുറമേ ഗൂഡാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

കാറിന്റെ വ്യാജ നമ്പര്‍ പ്ലെയിറ്റൊരുിയതും നസീറാണ്. കൊലപാതകത്തിന് ശേഷം വാഹനം പൊള്ളാച്ചിയില്‍ എത്തിച്ച് പൊളിക്കാന്‍ കൊടുത്തു. പോലീസ് തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ നസീര്‍ ഒളിവില്‍ പോയി. ഇയാളെ കൊല്ലങ്ങോട് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
അതേസമയം കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ആയുധങ്ങള്‍ നല്‍കിയ വ്യക്തിയെ ഉടന്‍ പിടികൂടും. ലുക്ക് ഔട്ട് നോട്ടീസും അടുത്ത ദിവസം തന്നെ പുറത്ത് വിടുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.