Friday, May 17, 2024
keralaNews

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

പാലക്കാട്: മമ്പറത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക നിഗമനം. തലയില്‍ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. മമ്പറത്ത ആര്‍എസ്എസ് പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത് ആയിരുന്നു മരിച്ചത്. 27 വയസായിരുന്നു.മമ്പ്രത്തെ ഭാര്യവീട്ടില്‍ നിന്നും ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കില്‍ നിന്ന് സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.സംഭവം രാഷ്ട്രീയകൊലപാതകമാണ് എന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെഎം ഹരിദാസ് ആരോപിച്ചു. സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പത്ത് ദിവസത്തിനകം കേരളത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് സഞ്ജിത്ത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. പ്രതിസ്ഥാനത്ത് എസ്ഡിപിഐയാണെന്ന് തുറന്നു പറയാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും പൗരന്‍മാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.