Sunday, May 12, 2024
keralaNews

സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ആഘോഷമാക്കി ജനങ്ങള്‍.

ബക്രീദ് ആഘോഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ആഘോഷമാക്കി ജനങ്ങള്‍. എല്ലാ കടകളും തുറന്നതോടെ ജനങ്ങള്‍ കടകളിലേക്ക് കൂട്ടംകൂട്ടമായി എത്തി. കൊവിഡ് പ്രോട്ടോകോള്‍ എല്ലാം കാറ്റില്‍ പറത്തി ജനങ്ങള്‍ എത്തിയതോടെ കച്ചവടവും ഉഷാറായി. പബ്ലിക് മാര്‍ക്കറ്റുകളിലും ജനങ്ങള്‍ ഒഴുകിയെത്തിയതോടെ നാടും നഗരവും ജനതിരക്കിലായി. അടഞ്ഞുകടന്ന കടകളില്‍ എല്ലാം തന്നെ പെരുന്നാള്‍ കച്ചവടം പൊടിപൊടിച്ചു.
തുണികടകളിലാണ് ഏറ്റവും തിരക്കേറിയത്. സ്വര്‍ണ്ണ കടകളിലേക്കും ജനങ്ങള്‍ എത്തി. വഴിയോര വാണിഭകാരും പഴം പച്ചക്കറി കടകളും ഇറച്ചിക്കോഴി വ്യാപാരവും പൊടിപൊടിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളിലും പഴം പച്ചക്കറി പലചരക്ക് കടകളിലും തിരക്കേറി. രാത്രി എട്ട് വരെയാണ് സമയമെങ്കിലും രാത്രി വൈകിയും പല കടകളും തുറന്നിരുന്നു. പല കടകളിലും സാധനങ്ങള്‍ വാങ്ങാന്‍ വന്നവരെ അകത്ത് കയറ്റി ഷട്ടര്‍ ഇട്ടുകൊണ്ട് കച്ചവടം നടത്തി.ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കടകളിലും പാഴ്സല്‍ വാങ്ങാന്‍ നീണ്ട ക്യൂ ആയിരുന്നു. വലിയ ഹോട്ടലുകളില്‍ നിയമം ലംഘിച്ചുകൊണ്ട് ഇരുത്തി ഭക്ഷണം കൊടുത്തു. ഒപ്പം തന്നെ ചെറു പെരുന്നാള്‍ പാര്‍ട്ടികളും സംഘടിപ്പിച്ചു.ദേശീയപാതയടക്കമുള്ള റോഡുകളില്‍ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. പലയിടത്തും ചെറിയ അപകടങ്ങള്‍ സംഭവിച്ചതോടെ യാത്ര ദുസ്സഹമായി. കണ്ടൈന്‍മെന്റ് സോണില്‍ പോലും കടകള്‍ തുറന്ന് പെരുന്നാള്‍ കച്ചവടം പൊടിപൊടിച്ചു. കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തിയുള്ള ആള്‍ക്കൂട്ടം രോഗവ്യാപനം ഉണ്ടാവുമോയെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാഭരണകൂടവും.