Sunday, May 5, 2024
indiakeralaNewsSports

ആദ്യ പകുതിയില്‍ ലക്ഷ്യം കാണാതെ കേരള ബ്ലാസ്റ്റേഴ്‌സും, ഹൈദരാബാദ് എഫ്‌സിയും.

ആദ്യ പകുതിയില്‍ ലക്ഷ്യം കാണാതെ കേരള ബ്ലാസ്റ്റേഴ്‌സും, ഹൈദരാബാദ് എഫ്‌സിയും. മത്സരത്തിന്റെ ആദ്യ പകുതി 00 സ്‌കോര്‍നിലയില്‍ അവസാനിച്ചു. പലവട്ടം ഗോളിനരികെ എത്തി മോഹിപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിനു ഗോള്‍ മാത്രം അകന്നു നിന്നു. ആദ്യ പകുതി അവസാനിക്കാറായതോടെ ഇരമ്പിയാര്‍ത്ത ഹൈദരാബാദിനും സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു.പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തി സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുടെ വക ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മുന്നേറ്റം ആദ്യ മിനിറ്റില്‍ത്തന്നെ വന്നു. ഇടതു പാര്‍ശ്വത്തില്‍നിന്നു ബോക്‌സിലേക്കു ലൂണ എത്തിച്ച പന്തു പക്ഷേ ഹൈദരാബാദ് പ്രതിരോധം അനായാസം ക്ലിയര്‍ ചെയ്തു.എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മുന്നേറ്റത്തിനു പിന്നാലെതന്നെ പരുക്കന്‍ അടവുകളും അരങ്ങേറി. പ്രതിരോധനിര താരം ആശിഷ് റോയിയെ അനാവശ്യമായി ഫൗള്‍ ചെയ്ത ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സീങ് മഞ്ഞക്കാര്‍ഡ് ‘ചോദിച്ചു വാങ്ങുമ്പോള്‍’ മത്സരം പിന്നിട്ടിരുന്നത് 5 മിനിറ്റ് മാത്രം.

ഹൈദരാബാദ് ഹാഫിലേക്കു പാഞ്ഞുകയറുന്ന പതിവു ശൈലി അതേ പടി ആവര്‍ത്തിച്ചില്ലെങ്കിലും പന്തു നിയന്ത്രിച്ചു നിര്‍ത്തി ആക്രമണങ്ങള്‍ രൂപപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ കൂടുതലായും ശ്രമിച്ചത്. ഇതിനുള്ള പ്രതിഫലം എന്നവിധം 15ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ അവസരവും ലഭിച്ചു. ഹര്‍മന്‍ജോത് ഖബ്ര ബോക്‌സിലേക്കു നീട്ടിയ പന്ത് .പാകത്തിനാണു വന്നു വീണതെങ്കിലും സ്‌ട്രൈക്കര്‍ ഹോര്‍ഹെ പെരേര ഡയസിന്റെ ഹെഡര്‍ പിഴച്ചു, പന്തു പോസ്റ്റിനു പുറത്തേക്ക്. അപ്രതീക്ഷിതമായി അന്തിമ ഇലവനില്‍ ഇടംപിടിച്ച മലയാളി താരം കെ.പി രാഹുലിനും ഒരു അര്‍ധാവസരം ലഭിച്ചതാണ്. പക്ഷേ, ബോക്‌സിനു പുറത്തു ലഭിച്ച പന്തില്‍ ഷോട്ടെടുക്കാന്‍ ആവശ്യത്തിനു സമയം ലഭിച്ചെങ്കിലും രാഹുലിന്റെ ലക്ഷ്യം പിഴച്ചു.

37ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആദ്യമായി ഞെട്ടിത്തരിച്ചത്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിനു പിന്നാലെ അതിവേഗ കൗണ്ടര്‍ അറ്റാക്കിലൂടെ വലതു വിങ്ങിലൂടെ മുന്നേറിയ യാസില്‍ മുഹമ്മദ് ബോക്‌സിനുള്ളിലേക്കു കുതിച്ചെത്തിയ ഓഗ്ബെച്ചെയുടെ നേര്‍ത്തു പന്തു മറിച്ചെങ്കിലും പന്ത് ക്ലിയര്‍ ചെയ്ത ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം അപകടം അകറ്റി.അധികം വൈകാതെ തന്നെ ആദ്യ പകുതിയിലെ ആദ്യ സുവര്‍ണാവസരവും ബ്ലാസ്റ്റേഴ്‌സിനെ തേടിയെത്തി. ബോക്‌സിനുള്ളിലേക്കു ലൂണ നീട്ടിയ പന്ത് പിടിച്ചെടുത്ത ഖബ്ര പന്ത് സ്‌ട്രൈക്കര്‍ ആല്‍വാരോ വാസ്‌കസിന് ഒരുക്കി നല്‍കി. വാസ്‌കസിന്റെ കിടിലന്‍ ഹാഫ് വോളി ഷോട്ട് ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മീകാന്ത് കട്ടിമണിയെ കാഴ്ച്ചക്കാരനാക്കിയെങ്കിലും പന്ത് ക്രോസ്ബാറില്‍ത്തട്ടി തെറിച്ചു.