Monday, April 29, 2024
keralaNews

ആദിവാസി ഭുമിക്കു പട്ടയം:ജില്ലയിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള മാര്‍ച്ച് എരുമേലിയില്‍ സമാപിച്ചു.

പട്ടികവിഭാഗക്കാരുടെയും മലയോര കര്‍ഷകരുടെയും കൈവശഭൂമിക്കു പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഐക്യ മല അരയ മഹാസഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 21-ന് ആരംഭിച്ച പട്ടയ അവകാശ മാര്‍ച്ച് കോരുത്തോട് ,കൊക്കയാര്‍, മ്ലാപ്പാറ, എരുമേലി വടക്ക് എന്നീ വില്ലേജ് ഓഫീസുകള്‍ കടന്ന് എരുമേലി തെക്ക് വില്ലേജില്‍ സമാപിച്ചു .
കൈവശഭൂമിക്ക് പട്ടയം നല്‍കുക,സര്‍ക്കാര്‍ ഉത്തരവ് ഉദ്യോഗസ്ഥര്‍ ഉടന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം ഇടുക്കി പത്തനംതിട്ട എറണാകുളം ജില്ലകളിലെ വിവിധ വില്ലേജ് ഓഫീസുകളിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ഐക്യ മല അരയ മഹാസഭയുട കോയിക്കക്കാവ്, ഇരുമ്പുന്നിക്കര, പാക്കാനം, കാളകെട്ടി ശാഖകളില്‍ നിന്നുള്ള നിരവധി കുടുംബാംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.ഇന്ന് രാവിലെ 10ന് പാക്കാനം,കാളകെട്ടി എന്നിവടങ്ങളില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഇരുമ്പുന്നിക്കരവഴി എരുമേലി തെക്ക് വില്ലേജിലേക്ക് കാല്‍നടയായി എത്തി.തുടര്‍ന്നു നടന്ന ധര്‍ണ്ണ സമരം ശ്രീശബരീശ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ: വി.ജി.ഹരീഷ് ഉത്ഘാടനം ചെയ്തു.ഡി.എഫ്.സംസ്ഥാന സെക്രട്ടറി രാജന്‍ വെംബ്ലി, സഭാ സെക്രട്ടറി പത്മാക്ഷി വിശ്വംഭരന്‍, ഇടുക്കി ജില്ലാ സെക്രട്ടറി എം.കെ.സജി മല അരയ വനിതാ സംഘടന ജനറല്‍ സെക്രട്ടറി കെ.പി. സന്ധ്യ, ഐക്യ മല അരയ മഹാസഭ ട്രഷറര്‍ കെ.എന്‍. പത്മനാഭന്‍,കോട്ടയം ജില്ലാ സെക്രട്ടറി ദിവാകരന്‍ അറക്കുളം, സംസ്ഥാന കമ്മറ്റി അംഗം ഷിബു കപ്ലി മല അരയ യുവജന സംഘടന ജനറല്‍ സെക്രട്ടറി പ്രൊഫ. പി. എസ് നന്ദകിഷോര്‍, കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ചരിത്ര ഉത്തരവ് ആറു മാസം കഴിഞ്ഞിട്ടും നടപടികളൊന്നും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.പട്ടയം ലഭിക്കാന്‍ യോഗ്യമായ മുരിക്കുംവയല്‍, പുഞ്ചവയല്‍മേഖലകളില്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.ധര്‍ണ്ണ സമരത്തിനു ശേഷം പട്ടയ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടവും വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചു.