Friday, May 17, 2024
keralaNews

പട്ടയത്തിനായി പുതുവർഷാരംഭത്തിൽ പട്ടിണി സമരവുമായി ഐക്യ മല അരയ മഹാസഭ 

കൈവശഭൂമിക്ക് പട്ടയം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്നും പട്ടയവിതരണം വേഗത്തിലാക്കുന്നതിന് കാഞ്ഞിരപ്പള്ളി താലൂക്കിനു കീഴിൽ സ്പെഷ്യൽ ഓഫീസ് എത്രയും വേഗം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഐക്യ മലഅരയ മഹാസഭ പുതുവർഷാരംഭത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിനു മുന്നിൽ പട്ടിണി സമരം നടത്തും. കാഞ്ഞിരപ്പള്ളി താലൂക്കിലെ പട്ടയം ലഭിക്കാത്ത കുടുംബാംഗങ്ങളും കർഷക പ്രതിനിധികളും പട്ടിണി സമരത്തിൽ പങ്കെടുക്കും .
ഡിസംബർ  21ന് പുഞ്ചവയലിൽ വച്ച് ഐക്യ മലഅരയ മഹാസഭ നടത്തിയ സമര പ്രഖ്യാപനത്തെ തുടർന്ന് കോട്ടയം ഇടുക്കി ജില്ലകളിലെ വിവിധ വില്ലേജുകളിലേക്ക് ഇതിനോടകം മാർച്ച് നടത്തിയെങ്കിലും പട്ടയ നടപടികൾ ആരംഭിച്ചിട്ടില്ല .ഈ  സാഹചര്യത്തിലാണ് പ്രക്ഷോഭം വ്യാപിപ്പിക്കുവാൻ എരുമേലി തെക്ക്  വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചിന് ശേഷം തീരുമാനമെടുത്തത് 2021ജനുവരി ഒന്നിന് കാഞ്ഞിരപ്പള്ളിയിൽ താലൂക്ക് ഓഫീസിന് മുന്നിലെ പട്ടിണി സമരത്തിനുശേഷം ഓരോ പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ സമുദായാംഗങ്ങൾ കൂട്ടത്തോടെ എത്തി പട്ടിണി സമരത്തിൽ പങ്കെടുക്കും. പട്ടയാവകാശത്തെപ്പറ്റിഗ്രാമ ഗ്രാമാന്തങ്ങളിൽ ശക്തമായ പ്രചരണവും ബോധവത്കരണവും നടത്തും..
കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിനു മുന്നിൽ നടത്തുന്ന പട്ടിണി സമരത്തെ അഭിസംബോധന ചെയ്തു കേരളത്തിലെ പ്രമുഖ ദലിത് ആദിവാസി സംഘടനകളുടെ  പ്രമുഖ നേതാക്കൾ  സംസാരിക്കും.
                           പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും മറ്റിതര ജനവിഭാഗങ്ങൾക്കും പട്ടയം നൽകുന്നതിനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ആറുമാസം പിന്നിട്ടിട്ടും നടപ്പിലാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഐക്യ മലഅരയ മഹാസഭ സമര രംഗത്തേക്ക് വന്നത് ഇതിനോടകം പട്ടയം ലഭിക്കാത്ത വിവിധവില്ലേജുകളിൽ നൂറുകണക്കിനാളുകൾ കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിച്ച് വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തിയിരുന്നു ഓരോ വില്ലേജ് ഓഫീസിലും എത്തിച്ചേർന്ന ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പുശേഖരണം നടത്തി പട്ടയവിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് മെമ്മോറാണ്ടവും നൽകിയിരുന്നു. ഗ്രാമ തലങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുന്നതോടെ ആദിവാസികളുടെയും കർഷകരുടെയും  ഒരുമിച്ചുള്ള പ്രക്ഷോഭത്തിനു വേദിയൊരുങ്ങും. എല്ലാവർക്കും പട്ടയം ലഭ്യമാക്കും വരെ പ്രക്ഷോഭം തുടരുമെന്നും പട്ടയ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ  വ്യക്തമാക്കാത്തതിൽ ജനങ്ങൾ കടുത്ത നിരാശയിലാണന്നും  സഭാപ്രസിഡന്റ്  സി.ആർ.ദിലീപ് കുമാർ , ജനറൽ സെക്രട്ടറി പി.കെ.സജീവ് എന്നിവർ പറഞ്ഞു..