Tuesday, April 30, 2024
keralaNewspolitics

ആത്മകഥയിലെ ഭാഗങ്ങള്‍ നീക്കില്ല; പി.ശശിയുടെ മുന്നറിയിപ്പ് തള്ളി ടിക്കാറാം മീണ

തിരുവനന്തപുരം: പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കിയ ശേഷം പുസ്തകം പ്രസിദ്ധീകരിക്കണമെന്ന പി.ശശിയുടെ മുന്നറിയിപ്പ് തള്ളി ടിക്കാറാം മീണ. 

ആത്മകഥയില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കില്ല ടിക്കാറാം മീണ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങള്‍ പുസ്തകത്തിലുണ്ട്.

വിവാദ പരാമര്‍ശങ്ങള്‍ നീക്കിയ ശേഷം പുസ്തകം പ്രസിദ്ധീകരിക്കണം എന്ന പി.ശശിയുടെ ആവശ്യമാണ് മീണ തള്ളിയത്. കെ.കരുണാകരന്‍, ഇ.കെ. നായനാര്‍ എന്നിവരുടെ ഭരണകാലത്ത് നേരിട്ട ദുരനുഭവങ്ങള്‍ എണ്ണിപ്പറയുന്നതാണ് ടിക്കാറാം മീണയുടെ ആത്മകഥ.

തൃശൂര്‍ കലക്ടറായിരുന്നപ്പോള്‍ വ്യാജ കള്ളു നിര്‍മാതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. അതിനു പിന്നാലെ സ്ഥലം മാറ്റം ലഭിച്ചു.

ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് അന്ന് ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയാണെന്നും ആത്മകഥയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ നായനാര്‍ പിന്നീട് നേരിട്ട് പറഞ്ഞതായും ഇതില്‍ വെളിപ്പെടുത്തലുണ്ട്.

മീണയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മാനഹാനി ഉണ്ടാക്കുന്നതാണെന്നും അതിനാല്‍ അവ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടും പി.ശശി ടിക്കാറാം മീണയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അടിസ്ഥാനരഹിതവും കള്ളവുമായ പരാമര്‍ശമാണ് മീണ നടത്തിയതെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറി മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ മാദ്ധ്യമസെക്രട്ടറി പ്രഭാവര്‍മ്മ അറിയിച്ചു.