Tuesday, May 7, 2024
keralaNews

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ മലയിറങ്ങുന്ന ഭക്തര്‍.

നിയന്ത്രണങ്ങള്‍ പാലിച്ച് സന്നിധാത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ ആചാരങ്ങള്‍ എല്ലാം പാലിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് മലയിറങ്ങുന്നത്. ഭക്തര്‍ക്ക് നെയ്യ് തേങ്ങ നിക്ഷേപിക്കാന്‍ പോലും കഴിയാതെ വന്നതോടെ സന്നിധാനത്ത് നിറഞ്ഞു കത്താറുള്ള ആഴി പോലും അണഞ്ഞ അവസ്ഥയിലാണ്.
നെയ്യഭിഷേകത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് നിറച്ച നാളികേരം അഭിഷേക ശേഷം ആഴിക്ക് സമര്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് അതിനുള്ള അവസരം നല്‍കിയിട്ടില്ല. അതിനാല്‍ നട തുറന്ന ആദ്യ ദിവസം ചടങ്ങുകളുടെ ഭാഗമായി ആഴിയില്‍ അഗ്നി ജ്വലിപ്പിച്ചിരുന്നെങ്കിലും പിന്നിട് അത് അണഞ്ഞു. കൊറോണ നിയന്ത്രണത്തിന്റെ പേരില്‍ ഭക്തരെ വിലക്കിയ ആചാരങ്ങളില്‍ ഒന്ന് മാത്രമാണ് ആഴിയില്‍ തേങ്ങ നിക്ഷേപിക്കാനുള്ള അവസരം.

പരമ്പരാഗത പാതയിലൂടെ തീര്‍ത്ഥാടകരെ കടത്തിവിടാതെ വന്നതോടെ പമ്പയിലെ സ്നാനവും അപ്പാച്ചിമേട്ടിലെ ഉണ്ടയേറും ശരംകുത്തിയാലിലെ ശരംകുത്തലും തുടങ്ങി തീര്‍ത്ഥാടനത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകള്‍ ഒന്നും അനുഷ്ഠിക്കാന്‍ ഭക്തര്‍ക്ക് കഴിയുന്നില്ല. നിയന്ത്രണങ്ങളോടെ സന്നിധാത്ത് ദര്‍ശനത്തിന് എത്തുന്ന ഒരോ തീര്‍ത്ഥാടകനും സുഖദര്‍ശനം ലഭിക്കുന്നുണ്ടങ്കിലും ആചാരങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിന്റ മനോവിഷമത്തിലാണ് അവര്‍ മലയിറങ്ങുന്നത്.