Monday, April 29, 2024
Newsworld

ആക്രമണം ശക്തമായി . കീവ് വിടണമെന്ന് നഗരവാസികളോട് റഷ്യയുടെ മുന്നറിയിപ്പ്

ആക്രമണം ആറാം ദിവസവും ശക്തമാക്കി കീവും കാര്‍കിവും വളഞ്ഞ് പിടിക്കാന്‍ വന്‍ സേനാ നീക്കമാണ് റഷ്യ നടത്തുന്നത്. കീവില്‍ താമസിക്കുന്ന നഗരവാസികളോട് ഉടന്‍ ഇവിടം വിടാന്‍ റഷ്യ ആവശ്യപ്പെട്ടിരിക്കുകയാണ്.  പോരാട്ടം നിലനില്‍പിന് വേണ്ടിയെന്നാണ് സെലന്‍സ്‌കി ഇന്നും പറഞ്ഞത്. യുക്രൈന് പിന്തുണയുമായി യുറോപ്യന്‍ യൂണിയന്റെ പ്രത്യേക പാര്‍ലമെന്റ് ഇന്ന് ചേര്‍ന്നു. അതേസമയം സമാധാന ചര്‍ച്ചകളും സമാന്തരമായി നടക്കുന്നുണ്ട്. രണ്ടാം വട്ട ചര്‍ച്ച നാളെ നടക്കും.യുദ്ധം കനത്തതോടെ ഇന്ത്യക്കാര്‍ ഇന്ന് തന്നെ കീവ് വിടണമെന്ന് എംബസി ആവശ്യപ്പെട്ടു. ട്രെയിനോ മറ്റ് മാര്‍ഗ്ഗങ്ങളോ തേടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് എംബസി. ബങ്കറുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നാണ് ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നത്. രക്ഷാദൗത്യത്തിന് വ്യോമസേനാ വിമാനങ്ങളും            ഭാഗമാകുമെന്നാണ് വിവരം. കര്‍ണാടക സ്വദേശി നവീന്റെ കൊലപാതകത്തിന് പിന്നാലെ ദില്ലിയിലെ റഷ്യ, യുക്രൈന്‍ അംബാസഡര്‍മാരെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.തൊട്ടുസമീപത്തുള്ള ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം. സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിര്‍ത്തിയിലേക്ക് തിരിക്കുമെന്നും പറഞ്ഞ് രാവിലെ നവീന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. മകന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് മരണവാര്‍ത്ത അറിയിച്ചത്. സാഹചര്യം അനുകൂലമാകുന്നതനുസരിച്ച് നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 5000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാര്‍കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നത്. ഓപ്പറേഷന്‍ ഗംഗ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. മിഷന്റെ ഭാഗമാകാന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. നാല് സി 17 വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകും. യുക്രൈയിനിലേക്ക് മരുന്നുമായി പുറപ്പെടുന്ന സി 17 വ്യോമസേന വിമാനത്തില്‍ പരാമവധി വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനാണ് നീക്കം. സര്‍ക്കാരിന്റെ അവസാന നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി പോളണ്ടില്‍ നിന്നടക്കം കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരികെ എത്തും.
ഭക്ഷണം വാങ്ങാനായി    പുറത്തിറങ്ങിയപ്പോഴാണ് നവീന്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് നവീനൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍ എസ് ജ്ഞാനഗൗഡര്‍. പ്രദേശത്ത് കര്‍ഫ്യൂ തുടരുന്നുണ്ടെങ്കിലും കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീരാറായതോടെയാണ്, ഇത് വാങ്ങാനായി നവീന്‍ ബങ്കറില്‍ നിന്ന് പുറത്തിറങ്ങിയത്. സാധനങ്ങള്‍ വാങ്ങാന്‍ രാവിലെ കടയില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം.