Friday, May 3, 2024
keralaNews

അയ്യപ്പ ഭക്തര്‍ക്ക് ഒപ്പം 780 കിലോമീറ്റര്‍ നടന്ന് ഭൈരവന്‍ സന്നിധാനത്ത്

ബെംഗളൂരു-സന്നിധാനം വരെ നടന്നത് 780 കിലോമീറ്റര്‍.

ശബരിമല :ബെംഗളൂരുവില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് വഴികാട്ടിയെപ്പോലെ ഭൈരവന്‍ എന്ന നായ സന്നിധാനം വരെ നടന്നത് 780 കിലോമീറ്റര്‍.അതും 19 ദിവസം കൊണ്ട്.ശബരിമല ദർശനത്തിനായി ഏഴാം തവണ കാല്‍നടയായി എത്തിയ  ബെംഗളൂരു  സ്വദേശി ആനന്ദിനൊപ്പമാണ് ഭൈരവന്‍ വന്നത്. ഡിസംബര്‍ 16ന് മഹേഷ്, വെങ്കിടേഷ് എന്നിവരോടൊപ്പം ബെംഗളൂരുവില്‍ നിന്ന് കെട്ടുമുറുക്കി പുറപ്പെട്ട ആനന്ദ് പിറ്റേദിവസം ഹോസൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴാണ് വെളുപ്പും തവിട്ടും കലര്‍ന്ന നായ പിന്നാലെ ഇവർക്കൊപ്പം ചേർന്നത്.  പേടിച്ച്  പലതവണ നായയെ ഓടിച്ചു നോക്കിയെങ്കിലും പോകാൻ  അവന്‍ കൂട്ടാക്കിയില്ല. ശരണം വിളിച്ച് സംഘം വേഗം നടന്നപ്പോള്‍ അവനും  ഒപ്പത്തിനൊപ്പമെത്തി. വിശ്രമിക്കുമ്പോള്‍ അവനും അവിടെയിരിക്കും. വെള്ളം കുടിക്കുമ്പോള്‍ മുഖത്തു നോക്കിനില്‍ക്കുന്ന അവനും വെള്ളം കൊടുക്കും. അത് കുടിക്കും.ഭക്ഷണത്തിന്റെ വീതം കൊടുത്താല്‍ അത് അവൻ കഴിച്ചില്ല. ചായയോ പാലോ കൊടുതതാല്‍ കുടിക്കും. സേലത്ത് എത്തിയപ്പോള്‍ ഇവരോടൊപ്പം ഗോപി, ജയകുമാര്‍,കണ്ണന്‍,കാര്‍ത്തിക്, പ്രവീണ്‍,റാംജി എന്നീ തീര്‍ത്ഥാടകരും കൂടി അവിടെവച്ചാണ്  അവന്  ഭൈരവന്‍ എന്ന പേരിട്ടത്.നടന്നു വരുംന്തോറും സംഘം വലുതായിവന്നു. പിന്നെ വഴികാട്ടിയായി ഭൈരവന്‍ മുന്നില്‍ നടക്കാന്‍ തുടങ്ങി. നാല്‍ക്കവലകളില്‍ യഥാർത്ഥ പാതയിലൂടെ അവന്‍ മുന്‍പേ നടന്നു.വാഹനത്തില്‍ വന്ന ഗുരുസ്വാമി ബോസും സംഘവും എരുമേലിയില്‍ ഒപ്പംചേര്‍ന്നു.പേട്ടതുള്ളാന്‍ വേഷമിട്ടപ്പോള്‍ ഭൈരവന്റെ മുഖത്തും  ചായം തേച്ച്  പൊട്ടു തൊട്ടു. പിന്നെ  ചെണ്ടമേളത്തിന്റെ താളത്തിനൊത്തു നൃത്തച്ചുവടുകളുമായി കൊച്ചമ്പലത്തില്‍ നിന്നു വലിയമ്പലത്തിലേക്ക് പേട്ട തുള്ളൽ – അപ്പോഴും ഭൈരവന്‍ കൂടെ നിന്നു . വിശ്രമ ശേഷം പരമ്പരാഗത കാനന പാതയിലൂടെ  നടന്നപ്പോള്‍ ഭൈരവനും മുന്നില്‍ നടന്നു. കരിമല വഴിയുള്ള കാനന പാതയില്‍ തീര്‍ത്ഥാടകരുടെ തിരക്കിൽപ്പട്ട്  ഭൈരവനെ കാണാതായി. പമ്പയിലെത്തിയ സംഘം ഭൈരവനെ പല സ്ഥലത്തും അന്വേഷിച്ചു. കണ്ടെത്താന്‍ കഴിഞ്ഞില്ല. ദര്‍ശനശേഷം സന്നിധാനത്തും അന്വേഷിച്ചു  കാണാൻ പറ്റിയില്ല.അതുവരെ ഒപ്പമുണ്ടായിരുന്ന ഭൈരവനെ കാണാനാകാത്ത സങ്കടം അവര്‍  അയ്യപ്പസ്വാമിയോടും  പറഞ്ഞു. ഉച്ചയ്ക്ക് മാളികപ്പുറം ക്ഷേത്രത്തിനു സമീപം വിരിവച്ച് വിശ്രമിക്കുമ്പോര്‍ യാദൃശ്ചികമായാണ് അവന്‍ അരികിലേയ്ക്ക് ഓടിയെത്തിയത്. കൂട്ടുപിരിഞ്ഞതിന്റെ സങ്കടം തീര്‍ത്ത് സ്നേഹം പ്രകടമായി. ഇതു കണ്ട് എല്ലാവരും ചേര്‍ന്നു ശരണം വിളിച്ചു. അവര്‍ വാങ്ങിക്കൊടുത്ത ചായ കുടിച്ച് വീണ്ടും അവർക്കെകൊപ്പം അവൻ  നടന്നു.