Sunday, May 12, 2024
keralaNewspolitics

കറുത്ത കാര്‍ ഔദ്യോഗിക വാഹനമാക്കി മുഖ്യമന്ത്രി

സമീപകാലത്ത് കറുത്ത കാര്‍ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍. പുതുവര്‍ഷത്തില്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമുള്ള ആദ്യ യാത്ര മുഖ്യമന്ത്രി പുതിയ കാറിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ പിണറായി വിജയന്റെ കാര്‍ ഒഴികെയുള്ള വാഹനങ്ങള്‍ വെള്ള നിറമുള്ളവയാണ് വരും ദിവസങ്ങളില്‍ ഇവയുടേയും നിറം മാറും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഉപയോഗിച്ചിരുന്നത് വെള്ള നിറമുള്ള വാഹനങ്ങളായിരുന്നു. മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയിലാണ് ഈ നിറം മാറ്റം. രാത്രിയാത്രയ്ക്ക് കൂടുതല്‍ സുരക്ഷിതവും രാത്രിയിലുള്ള ആക്രമണം തടയാന്‍ കാറിന്റെ നിറം കറുപ്പാകുന്നതുമാണ് നല്ലതെന്നായിരുന്നു മുന്‍ പൊലീസ് മേധാവിയുടെ ശുപാര്‍ശ. അടുത്തിടെ രണ്ട് തവണയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടതും പെട്ടന്നുള്ള ഈ കാറുമാറ്റത്തിന് പ്രേരകമായെന്നാണ് വിലയിരുത്തല്‍.

കാറുകള്‍ വാങ്ങാന്‍ പൊലീസിന് സ്‌പെഷ്യല്‍ ഫണ്ട് അനുവദിച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു. പുതിയ കാറുകള്‍ വരുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്നവയില്‍ രണ്ട് കാറുകള്‍ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണം എന്നായിരുന്നു സര്‍ക്കാരിനോട് പൊലീസ് മേധാവിയുടെ ശുപാര്‍ശ. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.