Saturday, May 18, 2024
indiaNewspolitics

മണിപ്പൂരില്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിംഗ് അധികാരമേറ്റു

ഇംഫാല്‍:മണിപ്പൂരില്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിംഗ് അധികാരമേറ്റു. മണിപ്പൂരിനെ അഴിമതിരഹിത സംസ്ഥാനമാക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ആദ്യ നടപടിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്.

മൂന്നിന കര്‍മ്മ പദ്ധതികളാണ് സര്‍ക്കാര്‍ ആദ്യം നടപ്പിലാക്കുകയെന്ന് ബിരേന്‍ സിംഗ് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

സംസ്ഥാനത്ത് നിന്ന് അഴിമതി തുടച്ചുനീക്കാന്‍ താന്‍ രാവും പകലും പ്രവര്‍ത്തിക്കുമെന്ന് ബിരേന്‍ സിംഗ് പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും ഇല്ലാതാക്കുകയാണ് രണ്ടാം ഘട്ടം. മൂന്നാമതായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമതരെയും ഒരുമിച്ച് കൊണ്ടുവരുമെന്നും ചര്‍ച്ചകള്‍ നടത്തുമെന്നും ബിരേന്‍ സിംഗ് വ്യക്തമാക്കി.

രാജ്ഭവനില്‍ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ലാ ഗണേശനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയ്ക്കൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. സ്പീക്കര്‍ ടി. ബിശ്വജിത്ത് സിംഗ്, വൈ ഖേംചന്ദ്, കെ. ഗോവിന്ദ ദാസ്, നെംച കിപ്ഗന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയത്.