Wednesday, May 15, 2024
keralaNews

മുല്ലപ്പെരിയാര്‍ ഡാം രാവിലെ ഏഴിന് തുറക്കും

മുല്ലപ്പെരിയാര്‍ ഡാം രാവിലെ ഏഴിന് തുറക്കും. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം മാത്രമാകും പുറത്തേക്ക് ഒഴുക്കിവിടുക. ജലനിരപ്പ് 138.40 അടിയായി ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം നീരൊഴുക്കും ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴയും തുടരുന്നു. പീരുമേട് താലൂക്കില്‍ മാത്രം എട്ടുദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷണവും നടത്തുന്നുണ്ട്. ഡാം തുറന്നാല്‍ ആദ്യം വെള്ളമെത്തുന്ന ജനവാസ മേഖല വള്ളക്കടവാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമില്‍ എത്തും. മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതോടെ ഇടുക്കി ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തേണ്ടിവരുമെന്ന് വൈദ്യുതിബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറന്നേക്കും.